/kalakaumudi/media/media_files/2025/08/02/james-milner-2025-08-02-21-05-37.jpg)
ലണ്ടന്‍: കഴിഞ്ഞ മാസം സ്‌പെയിനില്‍ കാറപകടത്തില്‍ മരണപ്പെട്ട മുന്‍ ലിവര്‍പൂള്‍ ടീംമേറ്റ് ഡീഗോ ജോട്ടയോടുള്ള ആദരസൂചകമായി, ഈ സീസണില്‍ 20-ാം നമ്പര്‍ ജഴ്‌സി അണിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മില്‍നര്‍.
ജൂലൈ ആദ്യവാരം സ്‌പെയിനിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് വെച്ചുണ്ടായ കാറപകടത്തിലാണ് ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്രെ സില്‍വയ്ക്കും ജീവന്‍ നഷ്ടമായത്. ഇരുവരും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി റോഡില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.
ലിവര്‍പൂളില്‍ മില്‍നറിനൊപ്പം മൂന്ന് സീസണ്‍ കളിച്ച പോര്‍ച്ചുഗീസ് ഫോര്‍വേഡ്, 20-ാം നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്.
''കാര്‍ലോസ് (ബലേബ) തന്റെ നമ്പര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും 20-ാം നമ്പര്‍ ഒഴിവുണ്ടെന്നും അറിഞ്ഞപ്പോള്‍, ജോട്ടയോടുള്ള ആദരസൂചകമായി ആ നമ്പര്‍ ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു,'' മില്‍നര്‍ പറഞ്ഞു.
''അത്ഭുതപ്പെടുത്തുന്ന ഒരു കളിക്കാരനായിരുന്നു ജോട്ട. ഒപ്പം കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു അവന്‍. അതുകൊണ്ട് പ്രീമിയര്‍ ലീഗില്‍ അവന്റെ നമ്പര്‍ ധരിക്കുന്നത് വലിയൊരു ബഹുമതിയാണ്,'' മില്‍നര്‍ കൂട്ടിച്ചേര്‍ത്തു.
ജോട്ടയുടെ ഭാര്യ റൂട്ടെയും കുടുംബവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ലിവര്‍പൂള്‍ 20-ാം നമ്പര്‍ ജഴ്‌സി എന്നെന്നേക്കുമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. വനിതാ ടീമുകളിലും അക്കാദമി ടീമുകളിലും ഉള്‍പ്പെടെ, ക്ലബ്ബിന്റെ ഒരു തലത്തിലും ഇനി ഈ നമ്പര്‍ ഉപയോഗിക്കില്ല.
39-കാരനായ മില്‍നര്‍ അടുത്തിടെയാണ് ബ്രൈറ്റണുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. ഇതിനകം 638 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം, ഗാരെത് ബാരിയുടെ 653 എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുകയാണ്.