ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

കായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് മെഗാ മ്യൂസിക്കല്‍ ഇവന്റും നടക്കും. സമാപന ചടങ്ങും സമ്മാനവിതരണവും 14 ന് വൈകിട്ട് 5ന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും

author-image
Biju
New Update
JCL

കല്‍പ്പറ്റ: കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെ.സി.എല്‍ 2025) മൂന്നാം സീസണ് നാളെ തുടക്കമാവും. 

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് വയനാട് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് നടക്കുക. കേരളത്തിലെ വിവിധ പ്രസ് ക്ലബ് ടീമുകള്‍ക്ക് ഒപ്പം കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ടീം, കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ടീം ഉള്‍പ്പെടെ നാലു ടീമുകളും പങ്കെടുക്കും.


മൂന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് സെലിബ്രിറ്റി ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങളും നടക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം പി നിര്‍വഹിക്കും. കായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് മെഗാ മ്യൂസിക്കല്‍ ഇവന്റും നടക്കും. സമാപന ചടങ്ങും സമ്മാനവിതരണവും 14 ന് വൈകിട്ട് 5ന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും.

ജെ.സി.എല്‍ ആദ്യമായാണ് വയനാട്ടില്‍ സംഘടിപ്പിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും മനോഹര സ്റ്റേഡിയങ്ങളിലൊന്നായ കൃഷ്ണഗിരിയില്‍ മത്സരം നടത്താന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്നും കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മാധ്യമരംഗത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്. വയനാട്ടില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സ്പോര്‍ട്സ് കണ്‍വീനര്‍ ജോയ് നായര്‍, വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.എസ് മുസ്തഫ, സെക്രട്ടറി ജോമോന്‍ ജോസഫ് എന്നിവരും പങ്കെടുത്തു.