കമ്രാന്റെ ഉമ്മാക്കി; ഇന്ത്യയോട് ഇനിയൊരിക്കലും കളിക്കരുതെന്ന് പാക് ടീമിന് നിര്‍ദ്ദേശം

നഖ്വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നതിനാല്‍, മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങ് 45 മിനിറ്റ് വൈകി. എസിസി തലവന്‍ എന്ന പദവിയിലിരുന്നിട്ടും, നഖ്വി തന്റെ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു

author-image
Biju
New Update
kamran

ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ വിസമ്മതിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ശക്തമായ നിലപാടെടുക്കണമെന്ന് പാക് മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കമ്രാന്‍ അക്മല്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തലവനും പാക് മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു.

നഖ്വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നതിനാല്‍, മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങ് 45 മിനിറ്റ് വൈകി. എസിസി തലവന്‍ എന്ന പദവിയിലിരുന്നിട്ടും, നഖ്വി തന്റെ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

'നമ്മള്‍ ഒരിക്കലും ഇന്ത്യക്കെതിരെ കളിക്കരുതെന്ന് പകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉടനടി പറയണം. ഐസിസി എന്ത് നടപടിയെടുക്കുമെന്ന് നമുക്ക് കാണാം. ഇതില്‍പ്പരം വേറെ എന്ത് തെളിവാണ് വേണ്ടത്? ബിസിസിഐയുടെ ആളാണ് ഐസിസിയെ നയിക്കുന്നത് - അദ്ദേഹം (ജയ് ഷാ) എങ്ങനെ നടപടിയെടുക്കും? മറ്റുള്ള ബോര്‍ഡുകള്‍ ഒരുമിച്ച് നിന്ന് ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടുനില്‍ക്കാനാവില്ലെന്ന് പറയണം. സ്പോര്‍ട്സ് ആരുടെയും വീട്ടില്‍ വച്ച് കളിക്കുന്നതല്ല. മറ്റുള്ളവര്‍ അവരുമായി കളിക്കുന്നില്ലെങ്കില്‍, പണം വരാന്‍ പോകുന്നില്ല' കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഈ കാര്യങ്ങള്‍ എത്രയും നേരത്തെ നിയന്ത്രിക്കാന്‍ കഴിയുന്നുവോ, അത്രയും എല്ലാവര്‍ക്കും നല്ലതാണ്. പാകിസ്താനും ഇന്ത്യയും ഇല്ലാത്ത ഒരു നിഷ്പക്ഷ സമിതി രൂപീകരിക്കണം. ഓസ്‌ട്രേലിയക്കാര്‍, ദക്ഷിണാഫ്രിക്കക്കാര്‍, ന്യൂസിലന്‍ഡുകാര്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയുണ്ടാക്കി, ഈ ടൂര്‍ണമെന്റില്‍ സംഭവിച്ചതിനെക്കുറിച്ചെല്ലാം എന്ത് നടപടിയെടുക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയുടെ ഈ നിലവാരം കുറഞ്ഞ പെരുമാറ്റം നമ്മള്‍ ഇനിയും കാണും. ഈ ടൂര്‍ണമെന്റില്‍ ക്രിക്കറ്റിന് സാധ്യമായ എല്ലാ നാശവും അവര്‍ ഉണ്ടാക്കുന്നത് നമ്മള്‍ കണ്ടു. പിസിബിയും എസിസി പ്രസിഡന്റും ശരിയായ നിലപാടാണ് എടുത്തത് - ട്രോഫി വാങ്ങിയാലും ഇല്ലെങ്കിലും അത് പ്രസിഡന്റ് മാത്രമേ നല്‍കൂ. ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ ഒരു തമാശയായി മാറും' അക്മല്‍ പറഞ്ഞു.

asia cup