'ദീപ്തി ശര്‍മ ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകില്ല', കാരണം വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മജൂംദാര്‍

ലോകകപ്പിന് മുന്നോടിയായി രണ്ട് പരമ്പരകള്‍ കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. ടീമിന് ഇനിയും മെച്ചപ്പെടാനുള്ള മേഖലകള്‍ തിരിച്ചറിയാന്‍ ഈ മത്സരങ്ങള്‍ സഹായിക്കും

author-image
Biju
New Update
WOMENS

തിരുവനന്തപുരം: വരാനിരിക്കുന്ന ടി20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ വിലയിരുത്തുന്നതെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ അമോല്‍ മജൂംദാര്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ ലോക ചാമ്പ്യന്മാരായ ശേഷം ഇന്ത്യന്‍ ടീം നിലനിര്‍ത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനം സന്തോഷകരമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായി രണ്ട് പരമ്പരകള്‍ കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. ടീമിന് ഇനിയും മെച്ചപ്പെടാനുള്ള മേഖലകള്‍ തിരിച്ചറിയാന്‍ ഈ മത്സരങ്ങള്‍ സഹായിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചെങ്കിലും ശ്രീലങ്കയെ നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റിന് സെലക്ടര്‍മാര്‍ നല്‍കുന്ന പ്രാധാന്യം ടീം തിരഞ്ഞെടുപ്പിനെ ഏറെ സഹായിക്കുന്നുണ്ട്. നിലവില്‍ പരിശീലനത്തിലോ സെലക്ഷനിലോ വെല്ലുവിളികളൊന്നും നേരിടുന്നില്ല. എല്ലാ ദിവസവും കളിയുടെ എല്ലാ വശങ്ങളിലും പുരോഗതി കൈവരിക്കാനാണ് ടീം ശ്രമിക്കുന്നത്, മജൂംദാര്‍ പറഞ്ഞു. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ ഈ പരമ്പരയില്‍ കളിക്കുന്നില്ലെങ്കിലും താരം പൂര്‍ണ്ണ കായികക്ഷമതയിലാണ്. ജെമീമ റോഡ്രിഗസിന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പരിശീലനത്തിന് ഇറങ്ങാത്തതെന്നും മുഖ്യ പരിശീലകന്‍ വിശദീകരിച്ചു.

ടി20 പരമ്പരിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട സാഹചര്യത്തില്‍ ടീം കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പുരോഗതി ആവശ്യമാണ്. മധ്യനിര ബാറ്റിങ്ങില്‍ നിലവില്‍ ചില പ്രശ്‌നങ്ങളുണ്ട്. കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ചമാരി അട്ടപ്പട്ടു പറഞ്ഞു. വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന വിശ്വാസത്തിലാണ് ശ്രീലങ്കന്‍ ടീം.