സഞ്ജുവും സാലി സാംസണും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പരിശീലന ക്യാമ്പില്‍ എത്തി

കെസിഎല്‍ രണ്ടാം സീസണില്‍ വന്‍ താരനിരയുമായാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കളത്തിലിറങ്ങുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച സഞ്ജു സാംസണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും സഹോദരന്‍ സാലി സാംസണ്‍ ക്യാപ്റ്റനുമാണ്.

author-image
Jayakrishnan R
New Update
sanju-saly

sanju-saly



കൊച്ചി:  കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി സഞ്ജു സാംസണും സാലി സാംസണും കൊച്ചി ബ്ലൂടൈ?ഗേഴ്‌സ് പരിശീലന ക്യാമ്പില്‍ എത്തി. തിരുവനന്തപുരത്തെ ബെല്ലിന്‍ടര്‍ഫ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ക്യാമ്പിലെത്തിയ സഹോദരങ്ങളെ ടീം മാനേജ്‌മെന്റ് സ്വീകരിച്ചു. സഞ്ജുവിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

കെസിഎല്‍ രണ്ടാം സീസണില്‍ വന്‍ താരനിരയുമായാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കളത്തിലിറങ്ങുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച സഞ്ജു സാംസണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും സഹോദരന്‍ സാലി സാംസണ്‍ ക്യാപ്റ്റനുമാണ്. ഇരുവരും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങിയതോടെ ആരാധകരും ആവേശത്തിലാണ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ടൈ?ഗേഴ്‌സിന്റെ ക്യാമ്പ് നടക്കുന്നത്.

സഞ്ജു സാംസണിന്റെയും സാലി സാംസണിന്റെയും വരവ് ടീമിന് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണെന്ന് ടീം ഉടമ സുഭാഷ് മനുവല്‍ പറഞ്ഞു. 'സഞ്ജുവിനെപ്പോലൊരു ലോകോത്തര താരം ഞങ്ങളുടെ ടീമിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കളിമികവും യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. സാലിയുടെ ക്യാപ്റ്റന്‍സിയില്‍ സഞ്ജു കൂടി ചേരുമ്പോള്‍ ഈ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കിരീടം ചൂടുമെന്ന കാര്യത്തില്‍ സംശയമില്ല,' സുഭാഷ് മനുവല്‍ പറഞ്ഞു.

ടീമിന്റെ പരിശീലനം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യ പരിശീലകന്‍ റൈഫി വിന്‍സെന്റ് ഗോമസ് അഭിപ്രായപ്പെട്ടു. 'ഓരോ കളിക്കാരന്റെയും കായികക്ഷമത ഉറപ്പുവരുത്തുന്നതിനും അവരുടെ പ്രകടനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. സഞ്ജുവും സാലിയും എത്തിയതോടെ ടീമിന്റെ ഘടന കൂടുതല്‍ ശക്തമായി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിച്ച് ടീമിനെ പൂര്‍ണ്ണ സജ്ജമാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാനാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഒരുങ്ങുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ പരിശീലന ക്യാമ്പിലെത്തും.

cricket sports