ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശ്ശൂര്‍ ടൈറ്റന്‍സ്; കെസിഎല്‍ രണ്ടാം സീസണിനുള്ള ജഴ്‌സി അവതരിപ്പിച്ചു

തൃശ്ശൂരിന്റെ സംസ്‌കാത്തനിമയുടെയും പൂരാവേശത്തിന്റെയും പ്രതീകമായ ഗജവീരന്മാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ജഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

author-image
Jayakrishnan R
New Update
kcl

kcl



തൃശ്ശൂര്‍: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലേക്കുള്ള തങ്ങളുടെ ഔദ്യോഗിക ജഴ്‌സി പ്രകാശനം ചെയ്ത് തൃശ്ശൂര്‍ ടൈറ്റന്‍സ്. തൃശൂര്‍ ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ കെസിഎ അപ്പക്സ് കൗണ്‍സില്‍ മെമ്പര്‍ സതീശന്‍ കെ, തൃശൂര്‍ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ നന്ദകുമാര്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കെ എ, ടൈറ്റന്‍സ് താരങ്ങളായ സിബിന്‍ പി ഗിരീഷ്, വിനോദ്കുമാര്‍ സി വി, ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ടൈറ്റന്‍സ് ആരാധകര്‍ക്കൊപ്പം ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. കേരള ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അപൂര്‍വമായാണ് ആരാധകരും ടീം ഒഫീഷ്യല്‍സും ചേര്‍ന്ന് ജഴ്‌സി അവതരിപ്പിക്കുന്നത്.

തൃശ്ശൂരിന്റെ സംസ്‌കാത്തനിമയുടെയും പൂരാവേശത്തിന്റെയും പ്രതീകമായ ഗജവീരന്മാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ജഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയിലും, കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവുമാണുള്ളത്.

'കേരളത്തിലെ ഊര്‍ജ്ജസ്വലമായ നഗരങ്ങളിലൊന്നായ തൃശ്ശൂരിനെ പ്രതിനിധീകരിക്കുന്ന ടീം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണുള്ളത്. തൃശ്ശൂര്‍ക്കാരുടെ ഊര്‍ജ്ജവും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശവും പ്രതിഫലിക്കുന്ന ജഴ്‌സി ഞങ്ങളുടെ ആരാധകര്‍ക്കുമുള്ള സമര്‍പ്പണമാണ്.' തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ ഉടമയും ഫിനെസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്ചവെച്ച ടീം, ഈ സീസണില്‍ കപ്പ് നേടണമെന്ന ദൃഢനിശ്ചയതോടെയാവും പരിശീലനം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തൃശ്ശൂര്‍ ടൈറ്റന്‍സ് ജില്ലയുടെ ഊര്‍ജത്തെ പ്രതിനിധീകരിക്കുന്ന ടീമാണ്. ഈ സീസണില്‍, ടൈറ്റന്‍സ് ടീമില്‍ തൃശ്ശൂരില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഉള്ളത് പ്രതീക്ഷാജനകമാണ്. വരും വര്‍ഷങ്ങളില്‍ ജില്ലയില്‍ നിന്ന് കൂടുതല്‍ പ്ലെയേഴ്‌സ് ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷ. ടീമിന് തൃശൂരിലേക്ക് കപ്പ് കൊണ്ടുവരാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു', കെസിഎ അപ്പക്സ് കൗണ്‍സില്‍ മെമ്പര്‍ സതീശന്‍ കെ പറഞ്ഞു.

തൃശൂര്‍ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ എം എന്‍ രാമചന്ദ്രന്‍, ക്ലബ് മാനേജ്മന്റ് അംഗങ്ങളായ മുഹമ്മദ് അഫ്സല്‍ എം, ഹര്‍ഷ മേനോന്‍, വിപിന്‍ നമ്പ്യാര്‍, രതീഷ് മേനോന്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

cricket sports