/kalakaumudi/media/media_files/2025/09/08/kochi-blue-tigers-2025-09-08-09-15-03.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കന്നിക്കിരീടം. 75 റണ്‍സ് വിജയമാണ് സാലി സാംസണ്‍ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കലാശപ്പോരാട്ടത്തില്‍ സ്വന്തമാക്കിയത്. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലം 106 റണ്‍സെടുത്തു പുറത്തായി.
വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏഷ്യാകപ്പ് കളിക്കാന്‍ ദുബായിലേക്കു പോയെങ്കിലും കൊച്ചിയുടെ തകര്‍പ്പന്‍ പ്രകടനത്തിനു കലാശപ്പോരാട്ടത്തിലും മാറ്റമൊന്നുമുണ്ടായില്ല. ആദ്യം ബാറ്റു കൊണ്ടും പിന്നീട് പന്തുകൊണ്ടും തിളങ്ങിയ കൊച്ചി താരങ്ങള്‍ കൊല്ലത്തിന് ഒരു സാധ്യതയും ബാക്കിവച്ചില്ല.
24 പന്തില്‍ 23 റണ്‍സടിച്ച വിജയ് വിശ്വനാഥാണ് മറുപടിയില്‍ കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ ആറാം പന്തില്‍ കൊല്ലം ഓപ്പണര്‍ ഭരത് സൂര്യയെ പുറത്താക്കി ക്യാപ്റ്റന്‍ സലി സാംസണ്‍ കൊച്ചിക്കു മികച്ച തുടക്കം സമ്മാനിച്ചു. തൊട്ടുപിന്നാലെ അഭിഷേക് നായരെയും സാംസണ്‍ പുറത്താക്കിയതോടെ കൊല്ലം സമ്മര്‍ദത്തിലായി.
മധ്യനിരയില്‍ സച്ചിന്‍ ബേബി (11 പന്തില്‍ 17), വിഷ്ണു വിനോദ് (എട്ട് പന്തില്‍ 10), വത്സല്‍ ഗോവിന്ദ് (10 പന്തില്‍ 10) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. മുന്‍നിര തകര്‍ന്നതോടെ കൊല്ലത്തിനു പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. 15 ഓവറിലാണ് കൊല്ലം 100 പിന്നിട്ടത്. 16.3 ഓവറില്‍ 106 റണ്‍സെടുക്കുന്നതിനിടെ കൊല്ലം ഓള്‍ഔട്ടായി. കൊച്ചിക്കു വേണ്ടി ജെറിന്‍ മൂന്നു വിക്കറ്റുകളും സാലി സാംസണ്‍, കെ.എം. ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. വിനൂപ് മനോഹരന്റെയും ആല്‍ഫി ഫ്രാന്‍സിസിന്റെയും ഉജ്വല ഇന്നിങ്‌സുകളാണ് കൊച്ചിയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ അവസാന ഓവറുകളില്‍ വീണ്ടും തകര്‍ത്തടിച്ച് മികച്ച സ്‌കോറിലേക്ക്.
ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്നിങ്‌സിനെ അങ്ങനെ വിശേഷിപ്പിക്കാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂര്‍ണ്ണമെന്റില്‍ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നായിരുന്നു. വിപുല്‍ ശക്തിയെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹര ഇന്നിങ്‌സ് കൊച്ചിയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി.
മൂന്നാം ഓവറില്‍ മൂന്ന് ഫോറുകള്‍ നേടിയ വിനൂപ്, അടുത്ത ഓവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കൊച്ചിയുടെ സ്‌കോര്‍ അന്‍പതിലെത്തി. 20 പന്തുകളില്‍ വിനൂപ് തന്റെ അര്‍ധ സെഞ്ചറിയും പൂര്‍ത്തിയാക്കി. ഷറഫുദ്ദീന്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകള്‍ വിനൂപ് തുടരെ വീണ്ടും അതിര്‍ത്തി കടത്തി.
എന്നാല്‍ എട്ടാം ഓവറില്‍ എം.എസ്. അഖിലിനെ പന്തേല്‍പിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയര്‍ത്തിയടിക്കാനുള്ള വിനൂപ് മനോഹരന്റെ ശ്രമം പക്ഷെ ക്യാച്ചിലൊതുങ്ങി. ബൗണ്ടറി ലൈനിന് അരികെയുള്ള അഭിഷേക് ജെ. നായരുടെ ഉജ്വല ക്യാച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതി. 30 പന്തുകളില്‍ ഒന്‍പത് ഫോറും നാല് സിക്‌സുമുള്‍പ്പടെ 70 റണ്‍സാണ് വിനൂപ് നേടിയത്.
തുടര്‍ന്ന് കണ്ടത് കൊച്ചി ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന കാഴ്ച. എട്ട് റണ്‍സെടുത്ത സാലി സാംസന്‍ അജയഘോഷിന്റെ പന്തില്‍ സച്ചിന്‍ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റണ്‍സിനും അജീഷ് പൂജ്യത്തിനും പുറത്തായി.
സെമിയിലെ രക്ഷകനായ നിഖില്‍ തോട്ടത്ത് പത്ത് റണ്‍സെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിന്‍ ജോബി 12ഉം മുഹമ്മദ് ആഷിഖ് ഏഴ് റണ്‍സും നേടി പുറത്തായി. എന്നാല്‍ ആല്‍ഫി ഫ്രാന്‍സിസിന്റെ മനോഹര ഇന്നിങ്‌സ് അവസാന ഓവറുകളില്‍ കൊച്ചിയ്ക്ക് തുണയായി. 25 പന്തുകളില്‍ 47 റണ്‍സുമായി ആല്‍ഫി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി പവന്‍ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.