കെസിഎല്ലില്‍ മിന്നിച്ചു; ടീം ഇന്ത്യയിലും ഓപ്പണിങ് ഉറപ്പിച്ചിച്ച് സഞ്ജു

ഞായറാഴ്ച രാത്രി ഏരീസ് കൊല്ലം സെലിയേഴ്സിനെതിരേ കൊച്ചി റെക്കോര്‍ഡ് റണ്‍ചേസില്‍ ജയിച്ചുകയറിയ കളിയില്‍ 121 റണ്‍സോടെ അദ്ദേഹം ഹീറോയായിരുന്നു.

author-image
Biju
New Update
sabjhu

തിരുവനന്തപുരം: ഓപ്പണറുടെ കുപ്പായമണിഞ്ഞാല്‍ താന്‍ വേറെ ലെവലാണെന്നു വീണ്ടും തെളിയിച്ച് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കേരളാ ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സുമായുള്ള പോരാട്ടത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനായി അദ്ദേഹം ഓപ്പണിങില്‍ നിറഞ്ഞാടിയത്. തുടരെ രണ്ടാം സെഞ്ച്വറി കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും ഏഷ്യാ കപ്പിലും തന്റെ ഓപ്പണിങ് സ്ഥാനം ഇതോടെ സഞ്ജു ഉറപ്പാക്കിയെന്നു തന്നെ പറയേണ്ടി വരും.

ഞായറാഴ്ച രാത്രി ഏരീസ് കൊല്ലം സെലിയേഴ്സിനെതിരേ കൊച്ചി റെക്കോര്‍ഡ് റണ്‍ചേസില്‍ ജയിച്ചുകയറിയ കളിയില്‍ 121 റണ്‍സോടെ അദ്ദേഹം ഹീറോയായിരുന്നു. അതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസം തന്നെ സഞ്ജു വീണ്ടുമൊരു സ്ഫോടനാത്മക ഇന്നിങ്സ് കളിച്ചിരിക്കുന്നത്.

തൃശൂര്‍ ടൈറ്റന്‍സിനെതിരേ ടോസ് നഷ്ടമായ ശേഷം ബാറ്റിങിനു അയക്കപ്പെട്ട കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇന്നിങ്സിനെ കാത്തത് വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണാണ്. വിനൂപ് മനോഹരനോടൊപ്പം ഓപ്പണറായി വീണ്ടും ക്രീസിലെത്തിയ അദ്ദേഹം 89 റണ്‍സ് തന്റെ പേരില്‍ കുറിച്ച ശേഷം ക്രീസ് വിടുകയായിരുന്നു. വെറും 46 ബോളുകള്‍ മാത്രമേ ഇതിനു വേണ്ടി വന്നുള്ളൂ,

193.48 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജുവിന്റെ ഇന്നിങ്സില്‍ ഒമ്പതു കൂറ്റന്‍ സിക്സറുകളും നാലു ഫോറുകളുമുള്‍പ്പെട്ടിരുന്നു. ഓപ്പണിങ് പങ്കാളിയായ വിനൂപിനെ (5) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും ക്രീസിന്റെ മറുഭാഗത്തു നങ്കൂരമിട്ടു കളിച്ച അദ്ദേഹം ടീമിനെ ഏഴു വിക്കറ്റിനു 188 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു. 26 ബോളുകളിലാണ് സഞ്ജു ഫിഫ്റ്റി കണ്ടെത്തിയത്. 46ല്‍ നില്‍ക്കെ സിക്സറിലൂെയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

കഴിഞ്ഞ മല്‍സരത്തെ അപക്ഷിച്ച് അല്‍പ്പം ശ്രദ്ധയോടെയാണ് സഞ്ജു തുടങ്ങിയത്. ആനന്ദ് ജോസഫെറിഞ്ഞ നാലാമത്തെ ഓവറിലാണ് അദ്ദേഹം ഗിയര്‍ മാറ്റിയത്. രണ്ടാം ബോല്‍ ഫോറടിച്ച അദ്ദേഹം അടുത്ത ബോള്‍ ലോങ്ഓണിലൂടെ സിക്സറിലേക്കും പറത്തി.

അഞ്ചാമത്തെ ബോള്‍ വീണ്ടും ലോങ്ഓണിനു മുകളിലൂടെ സിക്സറിലേക്ക്. ഈ ഓവറില്‍ 18 റണ്‍സ് കൊച്ചിക്കു ലഭിച്ചു. സിജോമോന്‍ ജോസഫിന്റെ അടുത്ത ഓവറില്‍ സഞ്ജു തുടരെ രണ്ടു സിക്സര്‍ പറത്തി. ഇതിലൊന്നു നോ ബോളിനു ശേഷമുള്ള ഫ്രീഹിറ്റില്‍ നിന്നായിരുന്നു.

പിന്നീട് ഒമ്പതാം ഓവറിലും അദ്ദേഹത്തിന്റെ രണ്ടു സിക്സറുകള്‍ വീണ്ടും കണ്ടു. മുഹമ്മദ് ഇഷാഖിനെയാണ് സഞ്ജു പഞ്ഞിക്കിട്ടത്. ആദ്യ ബോളും നാലാമത്തെ ബോളും ലോങ്ഓഫിനു മുകളിലൂടെ അദ്ദേഹം അതിര്‍ത്തി കടത്തുകയായിരുന്നു. 15ാം ഓവറില്‍ ആനന്ദ് ജോസഫിനെയും സഞ്ജു കടന്നാക്രമിച്ചു. രണ്ടു ഫോറും ഒരു സിക്സറുമാണ് അദ്ദേഹ നേടിയത്.

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും സഞ്ജു കുറിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 18ാം ഓവറില്‍ അദ്ദേഹം വീണു. അജിനാസിനാണ് വിക്കറ്റ്. ഓവറിറെ ആദ്യ ബോളില്‍ സിക്സറുമായാണ് അജിനാസിനെ സഞ്ജു വരവേറ്റത്. അടുത്ത ബോളില്‍ വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തെ ബൗണ്ടറി ലൈനിന് അരികെ ആനന്ദ് കൃഷ്ണനാണ് മികച്ചൊരു ക്യാച്ചിലൂടെ മടക്കിയത്.

sports