കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹന്‍ കുന്നുമ്മല്‍ തന്നെയായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. രോഹന്റെ തകര്‍പ്പന്‍ തുടക്കമായിരുന്നു കാലിക്കറ്റിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്.

author-image
Biju
New Update
sp

തിരുവനന്തപുരം : കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 33 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 19ആം ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന്റെ രോഹന്‍ കുന്നുമ്മലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹന്‍ കുന്നുമ്മല്‍ തന്നെയായിരുന്നു  ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. രോഹന്റെ തകര്‍പ്പന്‍ തുടക്കമായിരുന്നു കാലിക്കറ്റിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. ഫോറിന്റെയും സിക്‌സിന്റെയും പെരുമഴ പെയ്യിച്ച രോഹന്‍ വെറും 19 പന്തുകളിലായിരുന്നു അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇത്. 

കഴിഞ്ഞ മല്‌സരങ്ങളില്‍ നിറം മങ്ങിയ സച്ചിന്‍ സുരേഷും രോഹന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് വെറും 8.2 ഓവറില്‍ കാലിക്കറ്റിന്റെ സ്‌കോര്‍ നൂറ് കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സച്ചിന്‍ സുരേഷ് മടങ്ങി. 19 പന്തുകളില്‍ 28 റണ്‍സാണ് സച്ചിന്‍ നേടിയത്. 12ആം ഓവറില്‍ രോഹന്‍ കുന്നുമ്മലും പുറത്തായി. ആറ് റണ്‍സ് വ്യത്യാസത്തിലാണ് രോഹന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത്. 43 പന്തുകളില്‍ ആറ് ഫോറും എട്ട് സിക്‌സും അടക്കമാണ് രോഹന്‍ 94 റണ്‍സ് നേടിയത്.

മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന അജ്‌നാസും അഖില്‍ സ്‌കറിയയും തകര്‍ത്തടിച്ചപ്പോള്‍ കാലിക്കറ്റിന്റെ ഇന്നിങ്‌സ് വീണ്ടും കുതിച്ചു പാഞ്ഞു. ഏഴോവറില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 96 റണ്‍സാണ്. 19ആം ഓവറിലെ അവസാന പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ അജ്‌നാസ് മടങ്ങി. 33 പന്തുകളില്‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കമാണ് അജിനാസ് 49 റണ്‍സ് നേടിയത്. മറുവശത്ത് വെറും 19 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 45 റണ്‍സുമായി അഖില്‍ സ്‌കറിയ പുറത്താകാതെ നിന്നു. സല്‍മാന്‍ നിസാര്‍ അഞ്ച് പന്തുകളില്‍ നിന്ന്  13ഉം മനുകൃഷ്ണന്‍ രണ്ട് പന്തുകളില്‍ നിന്ന് 10 റണ്‍സും നേടി.

സഞ്ജു സാംസന്റെ അഭാവത്തില്‍ വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും ചേര്‍ന്നായിുരന്നു കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്‌സ് തുറന്നത്. വലിയ ലക്ഷ്യം മുന്നില്‍ നില്‌ക്കെ, അതിന് യോജിച്ച തകര്‍പ്പന്‍ തുടക്കം തന്നെയായിരുന്നു കൊച്ചിയുടേത്. ആദ്യ ഓവറുകളില്‍ വിനൂപ് മനോഹരനായിരുന്നു നിറഞ്ഞാടിയത്. എന്നാല്‍ സ്‌കോര്‍ 42ല്‍ നില്‌ക്കെ വിനൂപ് റണ്ണൌട്ടായത് കൊച്ചിക്ക് തിരിച്ചടിയായി. 17 പന്തുകളില്‍ 36 റണ്‍സുമായി ഉജ്ജ്വലമായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു വിനൂപ് മടങ്ങിയത്. 

വിനൂപ് പുറത്തായതോടെ തകര്‍ത്തടിച്ച മൊഹമ്മദ് ഷാനുവിന്റെ മികവില്‍ എട്ടാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 100 കടന്നു. എന്നാല്‍ ഷാനുവിനെ പുറത്താക്കി അഖില്‍ സ്‌കറിയ ടീമിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 22 പന്തുകളില്‍ 53 റണ്‍സാണ് ഷാനു നേടിയത്. തൊട്ടടുത്ത ഓവറുകളില്‍ നിഖില്‍ തോട്ടത്തും അജീഷും സാലി സാംസനും മടങ്ങിയതോടെ കൊച്ചിയുടെ പ്രതീക്ഷകള്‍ മങ്ങി. കൂറ്റന്‍ ഷോട്ടുകളിലൂടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ആല്‍ഫി ഫ്രാന്‍സിസിനെയും അഖില്‍ തന്നെ മടക്കി. 38 റണ്‍സെടുത്ത കെ ജെ രാകേഷിനെ മനു കൃഷ്ണനും പുറത്താക്കി.

എന്നാല്‍ ഒരറ്റത്ത് മുഹമ്മദ് ആഷിഖ് എത്തിയതോടെ കളി വീണ്ടും ആവേശ  നിമിഷങ്ങിലേക്ക് വഴി മാറി. ആഷിഖിന്റെ ബാറ്റില്‍ നിന്ന് സിക്‌സുകള്‍ തുടര്‍ക്കഥയായപ്പോള്‍ കൊച്ചിയുടെ ആരാധകര്‍ക്ക് പ്രതീക്ഷയേറി. എന്നാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി രക്ഷകനായി അഖില്‍ സ്‌കറിയ അവതരിച്ചപ്പോള്‍ കൊച്ചിയുടെ ഇന്നിങ്‌സ് 19ആം ഓവറില്‍ തന്നെ അവസാനിച്ചു. 

വെറും 11 പന്തുകളില്‍ അഞ്ച് സിക്‌സും ഒരു ഫോറും അടക്കം 38 റണ്‍സ് നേടിയ ആഷിക്കിനെ അഖില്‍ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. ഓവറിലെ അവസാന പന്തില്‍ അഫ്രാദിനെയും മടങ്ങി അഖില്‍ ടീമിനെ വിജയത്തിലെത്തിച്ചു. നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്താണ് അഖില്‍ സ്‌കറിയ നാല് വിക്കറ്റ് വീഴ്ത്തിയത്. അന്‍ഫലും മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. വിജയത്തോടെ ആറ് പോയിന്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

KCL Season 2