/kalakaumudi/media/media_files/2025/08/27/kunnummal-2025-08-27-18-42-29.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നായകന്‍ രോഹന്‍ കുന്നുമ്മല്‍. ക്രീസില്‍ ഇടിവെട്ട് ബാറ്റിംഗ് പുറത്തെടുത്ത രോഹന്‍ 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സിക്‌സര്‍ മഴ പെയ്യിച്ചും തുടരെ ബൌണ്ടറികള്‍ നേടിയും ക്രീസില്‍ താണ്ഡവം തുടര്‍ന്ന രോഹന്‍ ആരാധകരെ ആവേശത്തേരിലേറ്റി.
കൊച്ചിയുടെ ബോളിംഗ് നിരയെ തച്ചുതകര്‍ ത്തായിരുന്നു രോഹന്റെ ബാറ്റിംഗ് . സെഞ്ചുറിക്ക് ആറ് റണ്‍സകലെയായിരുന്നു കാലിക്കറ്റ് നായകന്റെ മടക്കം.43 പന്തില്‍ നിന്ന് 94 റണ്‍സാണ് രോഹന്‍ അടിച്ചുകൂട്ടിയത്. 8 കൂറ്റന്‍ സിക്‌സറുകളും 6 ബൗണ്ടറികളും തൊങ്ങല്‍ ചാര്‍ത്തിയതായിരുന്നു വലം കൈയ്യന്‍ ബാറ്ററുടെ ആക്രമണാത്മക ഇന്നിംഗ്‌സ് .ഓപ്പണിങ് കൂട്ട്‌കെട്ടില്‍ സച്ചിന്‍ സുരേഷിനൊപ്പം 102 റണ്‍സാണ് രോഹന്‍ കൂട്ടിച്ചേര്‍ത്തത്. 8.3 ഓവറില്‍ സച്ചിന്‍ പുറത്താകുമ്പോള്‍ കാലിക്കറ്റ് ടീം സ്‌കോര്‍ 102 റണ്‍സിലെത്തിയിരുന്നു. ഈ സീസണില്‍ കാലിക്കറ്റ് നായകന്റെ ആദ്യ ഫിഫ്റ്റി ആണിത്.
കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയനായ ഈ കോഴിക്കോട്ടുകാരന്‍, 2021-22 രഞ്ജി ട്രോഫിയില്‍ തുടരെ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.കൊയിലാണ്ടി സ്വദേശിയായ സുശീല്‍ എസ് കുന്നുമ്മല്‍-കൃഷ്ണ എസ് ദമ്പതികളുടെ മകനാണ് രോഹന്‍ കുന്നുമ്മല്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ടീം അംഗമായിരുന്ന പിതാവ് സുശീലായിരുന്നു രോഹന്റെ ആദ്യ പരിശീലകന്‍. ഒമ്പതാം വയസ്സില്‍, കോഴിക്കോട് സസെക്‌സ് ക്രിക്കറ്റ് അക്കാദമിയില്‍ സന്തോഷ് കുമാറിന്റെ കീഴിലായി പരിശീലനം. ഇന്ത്യ എ ടീമിലും രോഹന്‍ എസ് കുന്നുമ്മല്‍ ഇടം നേടിയിട്ടുണ്ട്.