/kalakaumudi/media/media_files/2025/08/30/alapy-2025-08-30-11-59-17.jpg)
തിരുവനന്തപുരം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ തോല്പിച്ച് ആലപ്പി റിപ്പിള്‍സ്. രണ്ട് വിക്കറ്റിനായിരുന്നു ആലപ്പിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി 19.5 ഓവറില്‍ ലക്ഷ്യത്തിലെത്തി.ആലപ്പിയുടെ അഭിഷേക് പി നായരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടി കാലിക്കറ്റിനെ ആദ്യം ബാറ്റിങ്ങിന് അയച്ച ആലപ്പിയ്ക്ക് ബൌളര്‍മാര്‍ നല്കിയത് ആഗ്രഹിച്ച തുടക്കം തന്നെയായിരുന്നു. കാലിക്കറ്റിന്റെ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും സച്ചിന്‍ സുരേഷും തുടക്കത്തില്‍ തന്നെ മടങ്ങി.
സച്ചിന്‍ രണ്ടും രോഹന്‍ പൂജ്യവുമായാണ് മടങ്ങിയത്. അജ്‌നാസും അഖില്‍ സ്‌കറിയയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 54 റണ്‍സ് പിറന്നെങ്കിലും പതിവ് വേഗത്തില്‍ സ്‌കോറിങ് മുന്നോട്ട് നീക്കാന്‍ ഇരുവര്‍ക്കുമായില്ല. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഇരുവരും പുറത്താവുകയും ചെയ്തു. ഇരുവരും 27 റണ്‍സ് വീതമെടുത്തു. പ്രീതിഷ് പവന്‍ ഏഴ് റണ്‍സും നേടി മടങ്ങി.
തുടര്‍ന്നെത്തിയ അന്‍ഫലും സല്‍മാന്‍ നിസാറും ചേര്‍ന്ന കൂട്ടുകെട്ടാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 176 വരെയെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 57 പന്തുകളില്‍ 105 റണ്‍സാണ് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഈ സീസണിലാദ്യമായി ഫോമിലേക്ക് ഉയര്‍ന്ന അന്‍ഫല്‍ 27 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 52 റണ്‍സുമായി പുറത്താകാതെ നിന്നു.
നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സല്‍മാന്‍ നിസാര്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 26 പന്തുകളില്‍ നിന്ന് 48 റണ്‍സും നേടി. ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ് നായര്‍ രണ്ട് വിക്കറ്റും രാഹുല്‍ ചന്ദ്രന്‍, ജലജ് സക്‌സേന, മൊഹമ്മദ് ഇനാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയ്ക്ക് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്ന് ഭേപ്പെട്ട തുടക്കം നല്കി. സ്‌കോര്‍ 42ല്‍ നില്‌ക്കെ 22 റണ്‍സെടുത്ത ജലജ് സക്‌സേന മടങ്ങി. രണ്ടാം വിക്കറ്റില്‍ മുഹമ്മദ് അസറുദ്ദീനും അഭിഷേക് പി നായരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ആലപ്പിയുടെ ഇന്നിങ്‌സില്‍ നിര്‍ണ്ണായകയമായത്. തകര്‍ത്തടിച്ച അഭിഷേക് പി നായരായിരുന്നു കൂടുതല്‍ തിളങ്ങിയത്. 39 റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീനെ അന്‍ഫല്‍ മടക്കി.
എന്നാല്‍ അടുത്തടുത്ത ഇടവേളകളില്‍ അഭിഷേക് പി നായരും മൊഹമ്മദ് കൈഫും മടങ്ങിയത് ആലപ്പിയ്ക്ക് തിരിച്ചടിയായി. അഭിഷേക് 27 പന്തുകളില്‍ നിന്ന് 54 റണ്‍സെടുത്തു. മുഹമ്മദ് കൈഫ് 13 റണ്‍സും നേടി.
തുടര്‍ന്നെത്തിയവരില്‍ കെ എ അരുണിന് മാത്രമാണ് പിടിച്ചു നില്ക്കാനായത്. എന്നാല്‍ 22 റണ്‍സെടുത്ത അരുണ്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ കളി നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങി. അവസാന പന്തില്‍ ഏഴ് റണ്‍സായിരുന്നു ആലപ്പിയ്ക്ക് ജയിക്കാന്‍ വേണ്ടത്.
വൈഡായ പന്ത് വിക്കറ്റ് കീപ്പറുടെ കയ്യില്‍ നിന്ന് വഴുതി ബൌണ്ടറിയിലേക്ക് പാഞ്ഞതോടെ അഞ്ച് റണ്‍സ് ലഭിച്ചു. വൈഡിലൂടെ ലഭിച്ച അധിക പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ബാറ്റര്‍മാര്‍ ഒരു റണ്‍ ഓടിയെടുത്തതോടെ ഇരു ടീമുകളും തുല്യനിലയിലായി. പന്തിന് ഉയരം കൂടുതലായിരുന്നു എന്ന് ബാറ്റര്‍മാര്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല.
ഒടുവില്‍ തീരുമാനം തേഡ് അമ്പയറിലേക്ക്. ഉയരം പരിശോധിച്ച് തേഡ് അമ്പയര്‍ വൈഡ് അനുവദിച്ചതോടെ ആലപ്പിയെ തേടി അവിശ്വസനീയ വിജയം എത്തുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി അന്‍ഫല്‍ മൂന്നും ഹരികൃഷ്ണനും ഇബ്‌നുല്‍ അഫ്താബും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ ആറ് മല്‌സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ആലപ്പി റിപ്പിള്‍സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.