കാര്യവട്ടത്ത് സല്‍മാന്റെ സംഹാര താണ്ഡവം; കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്ത്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ തുടക്കവും മികച്ചതായിരുന്നില്ല. വിഷ്ണുരാജ് 12 റണ്‍സെടുത്ത് മടങ്ങി. റിയ ബഷീര്‍ മികച്ച ഷോട്ടുകളുമായി പ്രതീക്ഷ നല്കിയെങ്കിലും 25 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് 18 റണ്‍സുമായി മടങ്ങി.

author-image
Biju
New Update
sports main photo

തിരുവനന്തപുരം: സല്‍മാന്‍ നിസാറിന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ മികവില്‍ ട്രിവാണ്‍ഡ്രം റോയല്‍സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. 13 റണ്‍സിനായിരുന്ന കാലിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് 173 റണ്‍സിന് ഓള്‍ ഔട്ടായി. അവിസ്മരണീയ ഇന്നിങ്‌സുമായി കാലിക്കറ്റിന് വിജയമൊരുക്കിയ സല്‍മാന്‍ നിസാറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ എട്ട് പോയിന്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ അജ്‌നാസിന്റെ ചെറുത്തുനില്പിനൊടുവില്‍ സല്‍മാന്‍ നിസാറിന്റെ സംഹാരതാണ്ഡവം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന്റെ ഇന്നിങ്‌സിനെ ഇങ്ങനെ ചുരുക്കിയെഴുതാം.  കെസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന്. അതിനായിരുന്നു സല്‍മാന്‍ നിസാറിലൂടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

കഴിഞ്ഞ കളിയിലെപ്പോലെ മോശം തുടക്കമായിരുന്നു റോയല്‍സിനെതിരെയും കാലിക്കറ്റിന്റേത്. ഓപ്പണര്‍മാരായ പ്രീതിഷ് പവന്‍ ഏഴും രോഹന്‍ കുന്നുമ്മല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ മല്‌സരങ്ങളില്‍ മികച്ച ഇന്നിങ്‌സ് കാഴ്ച വച്ച അഖില്‍ സ്‌കറിയയും സച്ചിന്‍ സുരേഷും കൂടി ചെറിയ സ്‌കോറുകളില്‍ പുറത്തായതോടെ നാല് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്.

എന്നാല്‍ ഒരറ്റത്ത് ഉറച്ച് നിന്ന അജ്‌നാസാണ് കാലിക്കറ്റിനെ മല്‌സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. നിലയുറപ്പിക്കാന്‍ സമയമെടുത്തെങ്കിലും തുടര്‍ന്ന് ആഞ്ഞടിച്ച അജ്‌നാസ് 50 പന്തില്‍ 51 റണ്‍സ് നേടി. എങ്കിലും 16ആം ഓവറില്‍ മാത്രമായിരുന്നു കാലിക്കറ്റിന്റെ സ്‌കോര്‍ നൂറിലെത്തിയത്. 17ആം ഓവറില്‍ അജ്‌നാസ് പുറത്താക്‌മ്പോള്‍ സ്‌കോര്‍ 108 റണ്‍സ് മാത്രം. 

18ആം ഓവറില്‍ പിറന്നത് അഞ്ച് റണ്‍സ് മാത്രം. എന്നാല്‍ തുര്‍ന്നുള്ള രണ്ട് ഓവറുകളിലൂടെ കളിയുടെ തിരക്കഥ ഒറ്റയ്ക്ക് മാറ്റിയെഴുതുകയായിരുന്നു സല്‍മാന്‍ നിസാര്‍. ബേസില്‍ തമ്പി എറിഞ്ഞ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്‌സര്‍. അവസാന പന്തില്‍ സിംഗിള്‍ നേടിയ സല്‍മാന്‍ സ്‌ട്രൈക് നിലനിര്‍ത്തി.അവസാന ഓവര്‍ സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ്. അഭിജിത് പ്രവീണ്‍ എറിഞ്ഞ എല്ലാ പന്തുകളെയും സല്‍മാന്‍ സിക്‌സര്‍ പായിച്ചു. 

നോ ബോളും വൈഡും കൂടി ചേര്‍ന്നപ്പോള്‍ 40 റണ്‍സാണ് അവസാന ഓവറില്‍ പിറന്നത്. അവസാന രണ്ടോവറില്‍ നേടിയ 71 റണ്‍സുമായി കാലിക്കറ്റിന്റെ സ്‌കോര്‍ 186ലേക്ക്. വെറും 26 പന്തുകളില്‍ 12 സിക്‌സുകളുടെ മികവില്‍ പുറത്താകാതെ 86 റണ്‍സാണ് സല്‍മാന്‍ നിസാര്‍ നേടിയത്. റോയല്‍സിന് വേണ്ടി എം നിഖിലും ആസിഫ് സലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ തുടക്കവും മികച്ചതായിരുന്നില്ല. വിഷ്ണുരാജ് 12 റണ്‍സെടുത്ത് മടങ്ങി. റിയ ബഷീര്‍ മികച്ച ഷോട്ടുകളുമായി പ്രതീക്ഷ നല്കിയെങ്കിലും 25 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് 18 റണ്‍സുമായി മടങ്ങി. 

തുടര്‍ന്നെത്തിയവരില്‍ സഞ്ജീവ് സതീശന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. 23 പന്തുകളില്‍ 34 റണ്‍സാണ് സഞ്ജീവ് നേടിയത്. അബ്ദുള്‍ ബാസിദ് 11 പന്തുകളില്‍ 22 റണ്‍സുമായി മടങ്ങി. അവസാന ഓവറുകളില്‍ ഒന്‍പത് പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ ബേസില്‍ തമ്പിയുടെ പ്രകടനം മല്‌സരം അവസാന ഓവര്‍ വരെ നീട്ടി. 

എങ്കിലും റോയല്‍സിന്റെ മറുപടി 173ല്‍ അവസാനിച്ചു. എം നിഖില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റ് നേടി. മൂന്നോവറില്‍ 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ഹരികൃഷ്ണനും കാലിക്കറ്റ് ബൌളിങ് നിരയില്‍ തിളങ്ങി. ഇബ്‌നുല്‍ അഫ്താബും രണ്ട് വിക്കറ്റ് വീഴ്ത്തി.

KCL Season 2