കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം

ശ്രീഹരി എസ് നായര്‍, കെ എം ആസിഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ബ്ലൂ ടൈഗേഴ്സ് 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യം മറികടന്നു.

author-image
Biju
New Update
sanju samson

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. 70 റണ്‍സ് നേടിയ ആനന്ദ് കൃഷ്ണനാണ് ടോപ് സ്‌കോറര്‍. 

ശ്രീഹരി എസ് നായര്‍, കെ എം ആസിഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ബ്ലൂ ടൈഗേഴ്സ് 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ വിട്ടുനിന്ന മത്സരത്തില്‍ വിനൂപ് മനോഹരന്‍ 42 പന്തില്‍ 65 റണ്‍സ് നേടി. അവസാന ഓവറില്‍ സിക്സര്‍ പായിച്ച് സാലി സാംസണാണ് (17 പന്തില്‍ 25) ബ്ലൂ ടൈഗേഴ്സിനെ വിജയിപ്പിച്ചത്. ആദിത്യ വിനോദ് ടൈറ്റന്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.

ഗംഭീര തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിനൂപ് - വിപുല്‍ ശക്തി (31 പന്തില്‍ 36) സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. വിനൂപിനെ അജിനാസ് മടക്കി. വൈകാതെ വിനൂപും മടങ്ങി. ഏഴ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിനൂപിന്റെ ഇന്നിംഗ്സ്. മുഹമ്മദ് ഷാനു (8), ജോബിന്‍ ജോബി (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ആല്‍ഫി ഫ്രാന്‍സിസ് ജോണിനെ (14) കൂട്ടുപിടിച്ച് സാലി, ബ്ലൂ ടൈഗേഴ്സിന് വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ആനന്ദിന് പുറമെ അര്‍ജുന്‍ (14 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മറ്റാര്‍ക്കും തിളങ്ങാനായില്ല. അഹമ്മദ് ഇമ്രാന്‍ (16), വരുണ്‍ നായനാര്‍ (2), ഷോണ്‍ റോജര്‍ (10), അക്ഷയ് മനോഹര്‍ (14), സിബിന്‍ ഗിരീഷ് (2), അജിനാസ് (0), സിജോ മോന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിതീഷ് (3), ആദിത്യ വിനോദ് (1) പുറത്താവാതെ നിന്നു.

കൊച്ചി ബ്ലൂ ടൈഗേഴ്സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), വിനൂപ് മനോഹരന്‍, മുഹമ്മദ് ഷാനു, നിഖില്‍ (വിക്കറ്റ് കീപ്പര്‍), ജോബിന്‍ ജോബി, മുഹമ്മദ് ആഷിക്, രാകേഷ് കെ ജെ, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കെ എം ആസിഫ്, ജെറിന്‍ പി എസ്, ശ്രീഹരി എസ് നായര്‍.

തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, വരുണ്‍ നായനാര്‍, അര്‍ജുന്‍ എ കെ (വിക്കറ്റ് കീപ്പര്‍), അജിനാസ് കെ, സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്, എം.ഡി നിധീഷ്, ആദിത്യ വിനോദ്.

Sanju Samson