കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് - കൊല്ലം സെയ്ലേഴ്സ് ഫൈനല്‍

ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗ്ലോബ്സ്റ്റാര്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്

author-image
Biju
New Update
kcl new

തിരുവനന്തപുരം: കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍. ഫൈനലില്‍ കൊല്ലം സെയിലേഴ്സാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ എതിരാളി. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗ്ലോബ്സ്റ്റാര്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്. ബ്ലൂ ടൈഗേഴ്സിനായി ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ മുഹമ്മദ് ആഷിഖാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

അഖില്‍ സ്‌കറിയ (37 പന്തില്‍ പുറത്താവാതെ 72) മാത്രമാണ് ഗ്ലോബ്സ്റ്റാര്‍സ് നിരയില്‍ തിളങ്ങിയത്. അമീര്‍ഷ (23), കൃഷ്ണ ദേവന്‍ (26), അജിനാസ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രോഹന്‍ കുന്നുമ്മല്‍ (9), മുഹമ്മദദ് അന്‍ഫല്‍ (9), സുരേഷ് സച്ചിന്‍ (1), മനു കൃഷ്ണന്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സുദേഷന്‍ മിഥുന്‍ (8), അഖില്‍ സ്‌കറിയക്കൊപ്പം പുറത്താവാതെ നിന്നു. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഖില്‍ സ്‌കറിയയുടെ ഇന്നിംഗ്സ്. ആഷിഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി നിഖിലില്‍ (36 പന്തില്‍ 64) മികച്ച പ്രകടനം പുറത്തെടുത്തു. വിപുല്‍ ശക്തി (37), മുഹമ്മദ് ആഷിഖ് (10 പന്തില്‍ 31), അജീഷ് (24) എന്നിവരുടെ സംഭാവനയും നിര്‍ണായകമായി. ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടി ഹരികൃഷ്ണന്‍, ഇബ്‌നുല്‍ അഫ്താബ്, മനു കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു ബ്ലൂ ടൈഗേഴ്‌സിന്. ഒന്നാം വിക്കറ്റില്‍ വിനൂപ് മനോഹരന്‍ (16) വിപുല്‍ ശക്തി (37) സഖ്യം 33 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ വിനൂപിനെ, മനു പുറത്താക്കി. തുടര്‍ന്നെത്തിയ മുഹമ്മദ് ഷാനുവിന് (1) തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ രണ്ടിന് 36 എന്ന നിലയിലായി ബ്ലൂ ടൈഗേഴ്‌സ്. പിന്നീട് വിപുല്‍ - നിഖില്‍ സഖ്യ 30 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ബ്ലൂ ടൈഗേഴ്‌സിന് മുന്നോട്ട് നയിക്കുമെന്ന് തോന്നിക്കെ വിപുലിനെ ഹരികൃഷ്ണന്‍ മടക്കി. പിന്നീടെത്തിയ സാലി സാംസണ്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ഇതോടെ നാലിന് 64 എന്ന നിലയിലായി ബ്ലൂ ടൈഗേഴ്‌സ്.

പിന്നീട് നിഖില്‍ - അജീഷ് സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അജീഷ് മടങ്ങി. തുടര്‍ന്നെത്തിയ ജോബിന്‍ ജോബിക്കും (5) തിളങ്ങാനായില്ല. തുടര്‍ന്ന് ആഷിഖ്, നിഖിലിനെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 51 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ആഷിഖ് മടങ്ങുമ്പോള്‍ മൂന്ന് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. ജെറിന്‍ പിഎസ് (1), നിഖിലിനൊപ്പം പുറത്താവാതെ നിന്നു. ഏഴ് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു നിഖിലിന്റെ ഇന്നിംഗ്‌സ്.

KCL Season 2