ട്രിവാന്‍ഡ്രം റോയല്‍സിന് വീണ്ടും തോല്‍വി; തൃശൂര്‍ ടൈറ്റന്‍സിന്റെ ജയം 11 റണ്‍സിന്

അഹമ്മദ് ഇമ്രാന്റെ (49 പന്തില്‍ 98) ഇന്നിംഗ്സാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പിന്നീട് മഴ എത്തിയതോടെ റോയല്‍സിന്റെ വിജയലക്ഷ്യം വി ജെ ഡി നിയമപ്രകാരം 12 ഓവറില്‍ 148 ആയി കുറച്ചു.

author-image
Biju
New Update
royals

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ജയം. മഴ കളിച്ച മത്സരത്തില്‍ 11 റണ്‍സിന്റെ ജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. അഹമ്മദ് ഇമ്രാന്റെ (49 പന്തില്‍ 98) ഇന്നിംഗ്സാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പിന്നീട് മഴ എത്തിയതോടെ റോയല്‍സിന്റെ വിജയലക്ഷ്യം വി ജെ ഡി നിയമപ്രകാരം 12 ഓവറില്‍ 148 ആയി കുറച്ചു. റോയല്‍സിന് 12 ഓവറില്‍ ആറ് വിക്കറ്റിന് 136 റണ്‍സെടുക്കാനാണ് സാധിച്ചത്.

26 പന്തില്‍ 63 റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈ മാത്രമാണ് റോയല്‍സ് നിരയില്‍ തിളങ്ങിയത്. റിയ ബഷീര്‍ (23), നിഖില്‍ (12), അഭിജിത് പ്രവീണ്‍ (പുറത്താവാതെ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കൃഷ്ണ കുമാര്‍ (1), അബ്ദുള്‍ ബാസിത് (2), സഞ്ജീവ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുബിന്‍ എസ് (6) പുറത്താവാതെ നിന്നു.

നേരത്തെ, ഇമ്രാനെ കൂടാതെ അക്ഷയ് മനോഹര്‍ (54), ഷോണ്‍ റോജര്‍ (31), ആനന്ദ് കൃഷ്ണന്‍ (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നിഖില്‍ എം റോയല്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ടൈറ്റന്‍സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ആനന്ദ് കൃഷ്ണന്‍ (32)  ഇമ്രാന്‍ സഖ്യം 99 റണ്‍സ് ചേര്‍ത്തു. പത്താം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആനന്ദ് നിഖിലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ വിഷ്ണു മേനോന്‍ (0) ഗോള്‍ഡന്‍ ഡക്കായി. നിഖിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു വിഷ്ണു. അതിന് പിന്നാലെയാണ് ഇമ്രാന്‍ പുറത്താവുന്നത്. അബ്ദുള്‍ ബാസിതിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു.

എന്നാല്‍ വിക്കറ്റ് കീപ്പറുടെ കയ്യില്‍ നിന്ന് വഴുതിയ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. അപ്പോള്‍ ഇമ്രാന്റെ കാലുകള്‍ ക്രീസിന്് പുറത്തായിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കാനാവാതെ നിരാശനായി ഇമ്രാന് മടങ്ങേണ്ടി വന്നു. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്സും 13 ഫോറും നേടി. തുടര്‍ന്ന് അക്ഷയ് മനോഹറിന്റെ ഇന്നിംഗ്സ് ടൈറ്റന്‍സിന്റെ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു.

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന്‍ എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, നിഖില്‍ എം, അജിത് വി, അഭിജിത്ത് പ്രവീണ്‍ വി, സഞ്ജീവ് സതരേശന്‍, ആസിഫ് സലാം, ഫാസില്‍ ഫനൂസ്.

തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, വിഷ്ണു മേനോന്‍, അര്‍ജുന്‍ എ.കെ (വിക്കറ്റ് കീപ്പര്‍), അജിനാസ് കെ, സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്, എം.ഡി നിധീഷ്, വിനോദ് കുമാര്‍ സി.വി.

KCL Season 2