/kalakaumudi/media/media_files/2025/08/21/kcl-2025-08-21-08-07-28.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ സീസണില്‍ സച്ചിന്‍ ബേബി നയിച്ച ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് കപ്പടിച്ചതെങ്കില്‍, ഇത്തവണ സഞ്ജു സാംസണിനെ ടീമിലെത്തിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ കിരീടസ്വപ്നവുമായി രംഗത്തുണ്ട്.
സഞ്ജുവിന്റെ വരവോടെ കേരള ക്രിക്കറ്റ് ലീഗ് ജനപ്രീതിയിലും ഏറെ മുന്നേറിക്കഴിഞ്ഞു. കെസിഎല്‍ രണ്ടാം സീസണിലേക്കു കടക്കുമ്പോള്‍, കഴിഞ്ഞ തവണ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ ആരാധകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. സ്റ്റേഡിയത്തില്‍ പുതിയ ഫ്‌ലഡ്ലൈറ്റുകള്‍ വന്നതോടെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ്ങിലും വലിയ മാറ്റം വരും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് രണ്ടാം സീസണിലെ മല്‍സരങ്ങള്‍ നടക്കുക. 'വീരു' എന്നു പേരിട്ട ബാറ്റേന്തിയ കൊമ്പനും 'ചാരു' എന്ന മലമുഴക്കി വേഴാമ്പലുമാണ് ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്നങ്ങള്‍.
കേരളവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ബ്രിട്ടിഷ് ഭരണകാലത്ത് ആരംഭിച്ചതാണെന്ന് നമുക്കെല്ലാമറിയാം. തലശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടിഷുകാരാണ് തലശേരിയെ ക്രിക്കറ്റിന്റെ ഈറ്റില്ലമാക്കി മാറ്റിയത്. വളരെ പെട്ടെന്നുതന്നെ തലശേരിയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സാധാരണ ജനങ്ങള്‍ ക്രിക്കറ്റിനെ ഏറ്റെടുത്തു.
ഇതേ വളര്‍ച്ച ക്രിക്കറ്റിന് ബ്രിട്ടിഷ് ഇന്ത്യയിലുമുണ്ടാകുന്നുണ്ടായിരുന്നു. 1951-ല്‍ തൃപ്പൂണിത്തുറയില്‍ നടന്ന പൂജ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് മത്സരം ലോകത്തുതന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ടതെന്നതു ക്രിക്കറ്റില്‍ കേരളത്തിന്റെ തനതുസംഭാവനയുടെ ഉദാഹരണമാണ്. ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ കാലാകാലങ്ങളില്‍ ഈ കായിക ഇനത്തിനെ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുന്നതിന് പലവിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നു.
വെള്ളക്കുപ്പായങ്ങളില്‍നിന്ന് നിറമുള്ള കുപ്പായങ്ങളിലേക്ക് മാറ്റിയും ചുവന്ന പന്തുകള്‍ക്കൊപ്പം വെള്ളയും പിങ്കും നിറങ്ങളുള്ള പന്തുകള്‍ കൊണ്ടുവന്നും കുറഞ്ഞ ദൈര്‍ഘ്യമുള്ള കളികള്‍ ആരംഭിച്ചും ഒക്കെ നടത്തിയ മാറ്റങ്ങള്‍ ക്രിക്കറ്റിനെ പല ഭൂഖണ്ഡങ്ങളിലും ഒരു വികാരമാക്കി. അമേരിക്കന്‍ ക്രിക്കറ്റ് ടീം എന്നുകേട്ടാല്‍ കൗതുകമുണ്ടാകുന്ന കാലത്തുനിന്ന് അതിവേഗത്തിലാണ് ക്രിക്കറ്റ് വളര്‍ന്നതും വ്യാപിച്ചതും. 2024ലെ ഠ20 വേള്‍ഡ് കപ്പിന് അമേരിക്ക ആതിഥേയത്വം വഹിച്ചുവെന്നുള്ളത് കൗതുകത്തിനപ്പുറം വലിയൊരു യാഥാര്‍ഥ്യമാണിന്ന്. ക്രിക്കറ്റ് ഇന്നും പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.
പകലും രാത്രിയുമായി നടന്ന മത്സരങ്ങള്‍ ക്രിക്കറ്റിന്റെ വന്‍വളര്‍ച്ചയ്ക്കു കാരണമായി. പിന്നീടു ക്രിക്കറ്റിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവാണ് കുട്ടിക്രിക്കറ്റായ ട്വന്റി20 മത്സരങ്ങള്‍ മൂലമുണ്ടായത്. അവസാന പന്തുവരെ നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ സൗന്ദര്യം ഈ മത്സരങ്ങള്‍ക്ക് ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളേക്കാള്‍ ജനപ്രീതിയുണ്ടാക്കി. ഇങ്ങനെ കാലത്തിനൊപ്പം വരുത്തിയ മാറ്റങ്ങളാണ് ക്രിക്കറ്റിനെ ഇന്നും ജനഹൃദയങ്ങളില്‍ കുടിയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഈ അവസരത്തിലൊക്കെ ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയായ ടെസ്റ്റ് മാച്ചുകളും ഏകദിന മത്സരങ്ങളും നിലനിര്‍ത്തിപ്പോരുന്നുവെന്നതും ശ്രദ്ധേയമാണ്.