കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ചില ക്ലബ്ബുകള്‍ കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കളിക്കാരുടെയും ജീവനക്കാരുടെയും കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. പകരം എല്ലാവരുമായി ചേര്‍ന്ന് മറ്റ് വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.
അസാധാരണമായ സാഹചര്യങ്ങളില്‍ നിയമപരമായി കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ക്ലബ്ബുകള്‍ക്ക് അധികാരം നല്‍കുന്ന ''ഫോഴ്സ് മജ്യൂര്‍'' വ്യവസ്ഥ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. അനിശ്ചിതത്വം നിറഞ്ഞ ഈ സമയങ്ങളില്‍ കളിക്കാരുമായി ചേര്‍ന്ന് ഒരുമിച്ച് നില്‍ക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ലീഗിനെ ബാധിക്കുന്ന വെല്ലുവിളികള്‍ പരിഗണിക്കാതെ കൂട്ടായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.
ഒഡീഷ എഫ് സി ഉള്‍പ്പെടെ മൂന്നോളം ക്ലബുകള്‍ താല്‍ക്കാലികമായി താരങ്ങളുടെ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.