/kalakaumudi/media/media_files/2025/04/04/xI2UAfv6iUvjAdLuS2VD.jpg)
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ഡേവിഡ് കറ്റാലയെത്തി. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ സ്പാനിഷുകാരന്‍ തികഞ്ഞ പ്രതീക്ഷയിലാണ്.
കളിക്കാരന്‍, കോച്ച് എന്നീ നിലകളില്‍ വര്‍ഷങ്ങളോളം യൂറോപ്യന്‍ ഫുട്ബോളില്‍ നിറഞ്ഞുനില്‍ക്കാനായതിന്റെ അനുഭവ സമ്പത്ത് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരുപോലെ ഊന്നല്‍ നല്‍കിയായിരിക്കും ടീമിനെ ഒരുക്കുകയെന്ന് കറ്റാല വ്യക്തമാക്കി. 'വലിയ വെല്ലുവിളിയും ഉത്തരവാദിത്വവുമാണ് മുന്നിലുള്ളത്. ടീമിന്റെ ചുമതല ഏറ്റെടുത്ത് കൊച്ചിയില്‍ എത്തി രണ്ട് പരിശീലനഘട്ടം പൂര്‍ത്തീകരിച്ചു.
സന്തുലിതമായ ടീമാണിത്. നിലവിലെ സീസണ്‍ അവസാനഘട്ടത്തിലാണ്. വരാനുള്ളത് സൂപ്പര്‍ കപ്പാണ്. പുതിയ സീസണിന് മുന്നോടിയായുള്ള പരിചയം സൂപ്പര്‍ കപ്പ് നല്‍കും. കളിക്കാരുടെ കഴിവും ശേഷിയും നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. എല്ലാ കുറവും പരിഹരിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെക്കുറിച്ച് മികച്ച അഭിപ്രായമാണ്. കേരളത്തില്‍ എത്തിയശേഷം, ഐഎസ്എല്ലില്‍ കുറച്ച് മത്സരങ്ങള്‍ കണ്ടിരുന്നു. കടുത്ത മത്സരമാണ് നടക്കുന്നത്. താരങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റംവരുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും കറ്റാല പറഞ്ഞു.