കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് അഡ്രിയാന്‍ ലൂണ

2021ല്‍ ആണ് ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. 71 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ലൂണ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയ താരമായി മാറി.

author-image
Biju
New Update
LUNA

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ക്ലബ് വിട്ടു. 2025-26 സീസണ്‍ വിദേശ ക്ലബിന് വേണ്ടി ലൂണ കളിക്കും. ലോണ്‍ ആയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിഡ് ഫീല്‍ഡ് ജനറലായ ലൂണ വിദേശ ക്ലബിലേക്ക് ചേക്കേറുന്നത്. ഐഎസ്എല്‍ തുടങ്ങുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതാണ് ലൂണയെ ക്ലബ് വിടുന്നതിലേക്ക് എത്തിച്ചത്. 

അഡ്രിയാന്‍ ലൂണയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഒരുമിച്ചാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഏത് വിദേശ ക്ലബിലേക്കാണ് ലൂണ കളിക്കാന്‍ പോകുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

2021ല്‍ ആണ് ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. 71 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ലൂണ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയ താരമായി മാറി. 15 ഗോളുകളാണ് ലൂണയില്‍ നിന്ന് വന്നത്. നാല് ഐഎസ്എല്‍ സീസണുകളില്‍ നിന്ന് വന്ന ലൂണയുടെ ഗോള്‍ അസിസ്റ്റ് 23. 

മെല്‍ബണ്‍ സിറ്റിയില്‍ നിന്നാണ് ലൂണ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഏഴ് കോടി രൂപയുടെ ട്രാന്‍സ്ഫര്‍ ആയിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ഐഎസ്എല്‍ ആരംഭിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ വീണ്ടും ശക്തമായി. ഫെബ്രുവരി ആദ്യ വാരത്തോടെ ഐഎസ്എല്‍ ആരംഭിക്കാനാവും എന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സൂചന നല്‍കിയിരുന്നത്. 

എന്നാല്‍ ഐഎസ്എല്ലിന് സ്‌പോണ്‍സര്‍മാരെ കിട്ടാത്തത് ആണ് പ്രധാന വെല്ലുവിളിയാവുന്നത്. ഐഎസ്എല്‍ ആരംഭിച്ചാല്‍ ടൂര്‍ണമെന്റിന് ആവശ്യമായ ഫണ്ട് മുഴുവന്‍ എഐഎഫ്എഫിന് വഹിക്കാനാവുമോ എന്ന് ഐഎസ്എല്‍ ക്ലബുകള്‍ ഫെഡറേഷനോട് ചോദിച്ചിരുന്നു.