Alappy Tripples v/s Kollam Sailors
തിരുവനന്തപുരം : ആലപ്പി റിപ്പിള്‍സിനിതെന്തു പറ്റി. സീസണിലെ രണ്ടാം തോല്‍വിയാണ് ആലപ്പി ടീമിന്റേത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമന്‍മാര്‍, പിന്നാലെ അടുത്ത രണ്ടു മത്സരവും ദയനീയമായി തോറ്റ് പിന്നിലേക്ക് വരുന്നു. ആലപ്പി റിപ്പിള്‍സിന്റെ തോല്‍വിയില്‍ കടുത്ത നിരാശയിലാണ് ആരാധകര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് എട്ടു വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് പരാജയപ്പെട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിള്‍സ് 16.3 ഓവറില്‍ 95 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കൊല്ലം സെയ്‌ലേഴ്‌സ് 38 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായി രണ്ടു മത്സരം തോറ്റെങ്കിലും ഒട്ടും പിന്നിലല്ല ആലപ്പി റിപ്പിള്‍സ്. ഇപ്പോഴും നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച ആലപ്പി, ഇപ്പോഴാണെങ്കില്‍ ചെറിയ സ്‌കോറിന് പുറത്തായെന്ന നാണക്കേടും സ്വന്തം പേരിലാക്കി. ആലപ്പി നിരയില്‍ ഇന്നു ടോപ് സ്‌കോററായത് 26 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.
രണ്ടക്കം കണ്ട മറ്റു രണ്ടു പേര്‍ 13 പന്തില്‍ 16 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍, എട്ടു പന്തില്‍ 10 റണ്‍സെടുത്ത ആല്‍ഫി ഫ്രാന്‍സിസ് എന്നിവര്‍. 3.3 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഷറഫിദ്ദീനാണ് ആലപ്പിയെ തകര്‍ത്തത്. ബിജു നാരായണന്‍ 3 ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. എന്‍.പി. ബേസില്‍ രണ്ടും എസ്. മിഥുന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മുന്നില്‍നിന്ന് നയിച്ചതോടെ കൊല്ലം സെയ്‌ലേഴ്സ് അനായാസം വിജയത്തിലെത്തി. 30 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റണ്‍സുമായി സച്ചിന്‍ ബേബി പുറത്താകാതെ നിന്നു. വത്സല്‍ ഗോവിന്ദ് 21 പന്തില്‍ ഒരു സിക്സ് സഹിതം 18 റണ്‍സെടുത്തു. ഓപ്പണര്‍മാരായ അരുണ്‍ പൗലോസ് 17 പന്തില്‍ 22 രണ്‍സെടുത്തും, അഭിഷേക് നായര്‍ 14 പന്തില്‍ ഒന്‍പതു റണ്‍െസടുത്തും പുറത്തായി. ആലപ്പിക്കായി അഫ്രാദ് റിഷാബ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.