തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് വിജയം. തൃശൂര്‍ ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണു മുഹമ്മദ് അസ്ഹറുദ്ദീനംു സംഘവും നേടിയത്. തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആലപ്പി റിപ്പിള്‍സ് എത്തുകയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആലപ്പി റിപ്പിള്‍സിനെ വിജത്തിലേക്കടുപ്പിച്ചത്. 47 പന്തില്‍ 92 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ ഒന്‍പതു സിക്സുകള്‍ സ്വന്തമാക്കി.
ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് മധ്യനിര താരം അക്ഷയ് മനോഹറിന്റെ അര്‍ധ സെഞ്ചറിക്കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 44 പന്തുകള്‍ നേരിട്ട അക്ഷയ് 57 റണ്‍സെടുത്തു പുറത്തായി. അഞ്ച് സിക്സറുകളും ഒരു ഫോറുമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അക്ഷയ് ബൗണ്ടറി കടത്തിയത്.