/kalakaumudi/media/media_files/2025/08/25/sanju-2025-08-25-08-51-51.jpg)
തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാന്‍ പറ്റിയ ഇടം ഓപ്പണിങ് തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ഓപ്പണിങ് ബാറ്ററായി ഇറങ്ങി വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റ് വിജയം. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 20-ാം ഓവറിലെ അവസാന പന്തില്‍ കൊച്ചിയെത്തി. 51 പന്തുകള്‍ നേരിട്ട സഞ്ജു 121 റണ്‍സെടുത്താണു തിളങ്ങിയത്. എന്നാല്‍ 18 പന്തില്‍ 45 റണ്‍സടിച്ച മധ്യനിര താരം മുഹമ്മദ് ആഷിഖാണ് 20-ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കി കൊച്ചിയെ വിജയത്തിലെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട മുഹമ്മദ് ഷാനു 39 റണ്‍സെടുത്തു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിക്ക് കരുത്തായത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തു തന്നെ ഫോറടിച്ചാണു തുടങ്ങിയത്. വിനൂപ് (11), ക്യാപ്റ്റന്‍ സലി സാംസണ്‍ (അഞ്ച്), നിഖില്‍ തോട്ടത്ത് (ഒന്ന്) എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായപ്പോഴും സഞ്ജുവിന്റെ വെടിക്കെട്ടാണ് കൊച്ചിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയത്. 16 പന്തുകളില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചറിയിലെത്തിയത്. ആദ്യ പത്തോവറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലായിരുന്നു കൊച്ചി. 42 പന്തുകളില്‍ അഞ്ച് സിക്‌സും 13 ഫോറും അടിച്ചുകൂട്ടി സഞ്ജു സെഞ്ചറിയിലെത്തി. കെസിഎല്‍ സീസണിലെ രണ്ടാം സെഞ്ചറിയാണിത്.
അവസാന 12 പന്തില്‍ 32 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജുവിന് കൊച്ചിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കില്ല. 19-ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ ബോള്‍ഡാക്കി അജയഘോഷ് കൊല്ലത്തെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. ഇതേ ഓവറില്‍ മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസും അജയഘോഷിനെ ഓരോ സിക്‌സ് വീതം തൂക്കിയത് കൊച്ചിക്കു പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫ്രാന്‍സിസ് റണ്ണൗട്ടായെങ്കിലും ഷറഫുദ്ദീന്റെ അവസാന പന്ത് ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്തി മുഹമ്മദ് ആഷിഖ് കൊച്ചിയുടെ വിജയം ആഘോഷിച്ചു.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്. ചാംപ്യന്മാരുടെ ബാറ്റിങ് സര്‍വ്വാധിപത്യം കണ്ട മത്സരത്തില്‍, കാണികള്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിന്‍ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന ഇരുവര്‍ക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ചറി നഷ്ടമായത്. അഭിഷേക് ജെ. നായര്‍ മൂന്നാം ഓവറില്‍ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേര്‍ന്നത്. നേരിട്ട ആദ്യ പന്തുകളില്‍ ലഭിച്ച ഭാഗ്യത്തിന്റെ ആനുകൂല്യം സച്ചിന്‍ മുതലാക്കി.
അഖിന്‍ സത്താറിനെ ബൗണ്ടറി പായിച്ച് അക്കൗണ്ട് തുറന്ന സച്ചിന്‍ തുടര്‍ന്നുള്ള ഓവറുകളില്‍ ബൗണ്ടറികളുടെ പെരുമഴ തീര്‍ത്തു. 22 പന്തുകളില്‍ നിന്ന് സച്ചിന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കൊച്ചി ക്യാപ്റ്റന്‍ സലി സാംസന്‍ ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പത്താം ഓവറില്‍ നൂറ് കടന്ന കൊല്ലം സെയിലേഴ്‌സ് 14ആം ഓവറില്‍ 150ഉം പിന്നിട്ടു. എന്നാല്‍ പി.എസ്. ജെറിന്‍ എറിഞ്ഞ ആ ഓവറില്‍ തന്നെ സച്ചിന്‍ മടങ്ങി. ജെറിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരന്‍ പിടികൂടുകയായിരുന്നു. 44 പന്തുകളില്‍ നിന്ന് ആറ് ഫോറും ആറ് സിക്‌സും അടക്കം സച്ചിന്‍ 91 റണ്‍സ് നേടി.
തൊട്ടടുത്ത പന്തില്‍ രാഹുല്‍ ശര്‍മയെ ജെറിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് കൂറ്റന്‍ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകള്‍ അതിര്‍ത്തി കടന്ന് പാഞ്ഞപ്പോള്‍ 17ആം ഓവറില്‍ സെയിലേഴ്‌സ് 200 പിന്നിട്ടു. എന്നാല്‍ കെ.എം. ആസിഫിനെ ബോളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റണ്‍സെടുത്ത വിഷ്ണു വിനോദിനെ ആല്‍ഫി ഫ്രാന്‍സിസ് ക്യാച്ചെടുത്തു മടങ്ങി. 41 പന്തില്‍ മൂന്ന് ഫോറും ഒന്‍പത് സിക്‌സുമടക്കം 94 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീന്‍ എട്ടും അമല്‍ 12ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി.എസ്. ജെറിന്‍ രണ്ടും സലി സാംസനും കെ.എം. ആസിഫും എം. ആഷിഖും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.