അര്‍ധ സെഞ്ചറിയുമായി സഞ്ജു വീണ്ടും

അഭിജിത് പ്രവീണിന്റെ നാലാം പന്തില്‍ സഞ്ജീവ് സതിരേശന്‍ ക്യാച്ചെടുത്താണു സഞ്ജുവിന്റെ മടക്കം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു കൊച്ചിക്കുവേണ്ടി കളിക്കാനിറങ്ങിയിരുന്നില്ല.

author-image
Biju
New Update
SANJU

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബൗണ്ടറികള്‍ അടിച്ചുകൂട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പ്രകടനം. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ചറി നേടി പുറത്തായി. 37 പന്തുകള്‍ നേരിട്ട സഞ്ജു 62 റണ്‍സടിച്ചാണു പുറത്തായത്. അഞ്ച് സിക്‌സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജു 15ാം ഓവറിലാണു പുറത്താകുന്നത്.

അഭിജിത് പ്രവീണിന്റെ നാലാം പന്തില്‍ സഞ്ജീവ് സതിരേശന്‍ ക്യാച്ചെടുത്താണു സഞ്ജുവിന്റെ മടക്കം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു കൊച്ചിക്കുവേണ്ടി കളിക്കാനിറങ്ങിയിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

സഞ്ജുവിനു പുറമേ ജോബിന്‍ ജോബിയും (10 പന്തില്‍ 26), നിഖില്‍ തോട്ടത്തിലും (35 പന്തില്‍ 45) കൊച്ചിക്കായി തിളങ്ങി. 26 പന്തുകള്‍ നേരിട്ട ഓപ്പണര്‍ വിനൂപ് മനോഹരന്‍ 42 റണ്‍സെടുത്താണു പുറത്തായത്. ക്യാപ്റ്റന്‍ സലി സാംസണ്‍ (ഒന്‍പത്), ആല്‍ഫി ഫ്രാന്‍സിസ് (പൂജ്യം) എന്നിവര്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ തോറ്റ കൊച്ചിക്ക് ഇന്നത്തെ കളി നിര്‍ണായകമാണ്. ട്രിവാന്‍ഡ്രം റോയല്‍സിനായി അഭിജിത് പ്രവീണ്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

Sanju Samson