കെസിഎല്‍ സീസണ്‍-2 വിന് പ്രൗഢഗംഭീര തുടക്കം

ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്ന ക്രിക്കറ്റ് പൂരത്തിന്റെ നേര്‍ക്കാഴ്ച്ചയായി മാറി. വാദ്യമേളങ്ങളും അഗം ബന്റിന്റെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീതനിശയും താരങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിശാഗന്ധിയില്‍ ഉത്സവാന്തരീക്ഷമായിരുന്നു.

author-image
Biju
New Update
crkt

തിരുവനന്തപുരം: ക്രിക്കറ്റ് കളിയുടെ ഊര്‍ജ്ജവും ആഘോഷത്തിന്റെ ലഹരിയും ഒത്തുചേര്‍ന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2ന്റെ ഗ്രാന്‍ഡ് ലോഞ്ച് തലസ്ഥാന നഗരിയെ ആവേശത്തിലാക്കി. തിരുവനന്തപുരം നിശാഗന്ധിയില്‍ കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍  ലോഞ്ച്  നിര്‍വഹിച്ചു. ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്ന ക്രിക്കറ്റ് പൂരത്തിന്റെ നേര്‍ക്കാഴ്ച്ചയായി മാറി. വാദ്യമേളങ്ങളും അഗം ബന്റിന്റെ  പ്രകമ്പനം കൊള്ളിക്കുന്ന സംഗീതനിശയും താരങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിശാഗന്ധിയില്‍ ഉത്സവാന്തരീക്ഷമായിരുന്നു.

ചടങ്ങില്‍ കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ 'ബാറ്റേന്തിയ കൊമ്പന്‍,  ' ചാക്യാര്‍', ' വേഴാമ്പല്‍' എന്നിവ മന്ത്രി പ്രകാശനം ചെയ്തു. ഭാഗ്യചിഹ്നങ്ങളില്‍ ഒന്നായ ചാക്യാറിന്റെ നര്‍മ്മത്തില്‍ ചാലിച്ചുള്ള പ്രകടനം സദസില്‍ ചിരി പടര്‍ത്തി.
 സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം  അഡ്വ.വി.കെ പ്രശാന്ത് എംഎല്‍എ, സഞ്ജു സാംസണ്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന്  നിര്‍വഹിച്ചു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍  രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തര ലീഗായി മാറാന്‍ കെ.സി. എല്ലിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്രിക്കറ്റിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതില്‍ കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് വലിയ പങ്കു വഹിക്കാനാകും. രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് ഇക്കണോമി ആരംഭിച്ച സംസ്ഥാനം കേരളമാണ്. ഇത്തവണ 5.5 ലേക്ക് കേരളത്തിന്റെ സ്‌പോര്‍ട്‌സ് ഇക്കണോമി വളര്‍ന്നു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് പത്ത് ശതമാനമായി ഉയര്‍ത്താന്‍ കഴിയും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1350 കോടിയുടെ നിക്ഷേപ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും മികച്ച കായിക അടിസ്ഥാന സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്ന കെ.സി.എല്ലിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെസിഎല്ലിന്റെ വളര്‍ച്ച കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. വേദിയില്‍  റോഡ് സേഫ്റ്റി ബോധവത്കരണത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫാന്‍ ജേഴ്‌സിയും പുറത്തിറക്കി. കേരള ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണും സല്‍മാന്‍ നിസാറും  ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഗാലറിയിലെ പിന്തുണ കളിക്കളത്തിലുള്ള ഏതൊരു കളിക്കാരനും അനിവാര്യമാണെന്ന് സഞ്ജു സാംസണ്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്, രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന്റെ വിജയത്തിന് കാരണമായ  ഹെല്‍മെറ്റിനെ ആസ്പദമാക്കി തയാറാക്കിയ വിഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ കൈയടിയോട് കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ആവേശം കൊള്ളിപ്പിച്ച അസുലഭ മുഹൂര്‍ത്തം വീണ്ടും സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും പുത്തനനുഭവമായി മാറി. പ്രചാരണ പരിപാടിയോട് അനുബന്ധിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറു ടീമുകളെയും ഉടമകളെയും പരിചയപ്പെടുത്തുകയും ചെയ്തു. സീസണ്‍-2 വിനായി മലയാളികള്‍ കാത്തിരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ജനപങ്കാളിത്തമെന്നും ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് കെസിഎല്ലിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ച്  ആറാംതമ്പുരാന്‍ ചിത്രത്തിന്റെ  നിര്‍മാതാവ് സുരേഷ് കുമാറും, ഡയറക്ടര്‍ ഷാജി കൈലാസും ടീം വീണ്ടും ഒന്നിക്കുന്ന മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ കെസിഎല്ലിന്റെ പരസ്യ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് പുറത്തിറക്കി. ഹര്‍ഷാരവത്തോടെയായിരുന്നു ടീസറിനെ ജനങ്ങള്‍ വരവേറ്റത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ് എസ്.കുമാര്‍,  മറ്റു കെസിഎ ഭാരവാഹികള്‍, കെസിഎല്‍ ഗവണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നസീര്‍ മച്ചാന്‍,കെസിഎ അംഗങ്ങള്‍, അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ഉടമകളായ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ഉടമ സോഹന്‍ റോയ്,  കൊച്ചി ബ്ലൂടൈഗേഴ്‌സ് ഉടമ സുഭാഷ് ജോര്‍ജ്ജ് മാനുവല്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉടമ സഞ്ജു മുഹമ്മദ്, ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിള്‍സ് ഉടമകളായ ടി.എസ് കലാധരന്‍, കൃഷ്ണ കലാധരന്‍, ഷിബു മാത്യു, റാഫേല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങിന് ശേഷം നടന്ന അഗം മ്യൂസിക്കല്‍ ബാന്‍ഡിന്റെ കാണികളെ ആവേശത്തിലാക്കിയുള്ള സംഗീതപരിപാടിയും അരങ്ങേറി.

കെ.സി.എല്ലിന്റെ ഭാഗ്യചിഹ്നങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കാന്‍ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പന്‍, മലമുഴക്കി വേഴാമ്പല്‍, ചാക്യാര്‍ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങള്‍. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

ലീഗിലെ ടീമുകളുടെ കരുത്തും ആവേശവും കളിയോടുള്ള സമീപനവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പന്‍. കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ആന, ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്നത് കെസിഎല്‍ ടി20യുടെ ഗൗരവത്തെയും മത്സരവീര്യത്തെയും സൂചിപ്പിക്കുന്നു. കളിക്കളത്തിലെ ഈ കരുത്തിനും വീറിനും നാടാകെ ലഭിക്കുന്ന പ്രചാരത്തിന്റെ പ്രതീകമാണ് കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പല്‍. വേഴാമ്പലിന്റെ  ശബ്ദം കാടുകളില്‍ മുഴങ്ങുന്നതുപോലെ, കെസിഎല്‍ ടി20യുടെ ആവേശം കേരളത്തിലുടനീളവും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്കും എത്തുമെന്ന സന്ദേശവും ചിഹ്നം നല്‍കുന്നു. കൂടാതെ, താരങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന കായികക്ഷമതയും മനോബലവും ഭാഗ്യചിഹ്നത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പക്ഷിയുടെ ജീവിതം, ഒരു കായികതാരത്തിന് വേണ്ട അതിജീവനശേഷിയുടെയും ലക്ഷ്യബോധത്തിന്റെയും സന്ദേശം കൂടിയാണ് നല്‍കുന്നത്. 'കാടിന്റെ കര്‍ഷകര്‍' എന്ന് വിശേഷണവും വേഴാമ്പലിന് സ്വന്തമാണ്. അതിനാല്‍ പുതിയ താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിന്റെയും പ്രതീകമാണ് വേഴാമ്പല്‍.

മത്സരത്തോടൊപ്പം കാണികള്‍ക്ക് സമ്പൂര്‍ണ്ണ വിനോദം ഉറപ്പാക്കുകയും കെസിഎല്ലിന്റെ ലക്ഷ്യമാണെന്ന സൂചനയാണ് ഭാഗ്യചിഹ്നമായ ചാക്യാര്‍ നല്‍കുന്നത്. കളിക്കളത്തിലെ ഓരോ നീക്കത്തെയും താരങ്ങളുടെ പ്രകടനങ്ങളെയും അമ്പയറുടെ തീരുമാനങ്ങളെയും വരെ നര്‍മ്മത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ണുകളോടെ കാണുന്ന കാണിയുടെ പ്രതീകമായി ചാക്യാര്‍ മാറും. ഒരുതരത്തില്‍, ലീഗിന്റെ 'തേര്‍ഡ് അമ്പയര്‍' ആയും അതേസമയം കാണികളുടെ കൂട്ടുകാരനായും ഈ ഭാഗ്യചിഹ്നത്തെ കാണാം. ക്രിക്കറ്റ് കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ ചര്‍ച്ചകളും വിശകലനങ്ങളും കൂടിയാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്. ഈ വിനോദത്തെയും വിമര്‍ശനത്തെയും ഒരുപോലെ പ്രതിനിധീകരിക്കാന്‍ ചാക്യാരെക്കാള്‍ മികച്ചൊരു പ്രതീകമില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ടി20 ക്രിക്കറ്റിനെ നിര്‍വചിക്കുന്ന വിനോദത്തിനും ആവേശത്തിനും ഒപ്പം കളിയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ചാക്യാര്‍ എന്ന ഭാഗ്യചിഹ്നം. കേരളത്തിന്റെ തനത് കലാരൂപമായ ചാക്യാര്‍കൂത്തിലെ കഥാപാത്രം, സാമൂഹിക വിമര്‍ശനങ്ങളും നര്‍മ്മവും സമന്വയിപ്പിച്ച് സദസ്സിനെ കയ്യിലെടുക്കുന്ന കലാകാരനാണ്. ഇതേ ആശയം ഉള്‍ക്കൊണ്ടാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നമായി ചാക്യാറെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മൂന്ന് ചിഹ്നങ്ങളും പരസ്പരം ചേരുമ്പോഴാണ് കെസിഎല്ലിന്റെ പൂര്‍ണ്ണ ചിത്രം ലഭ്യമാകുക. കരുത്തുറ്റ മത്സരങ്ങള്‍, വ്യാപകമായ ജനപ്രീതി, ആസ്വാദ്യകരമായ വിനോദം എന്നിവയുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജായിരിക്കും കേരള ക്രിക്കറ്റ് ലീഗ് നല്‍കുന്നതെന്ന സന്ദേശമാണ് ഭാഗ്യചിഹ്നങ്ങളിലൂടെ കെസിഎ നല്‍കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ചിഹ്നങ്ങള്‍ കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മത്സരവേദികളില്‍ കൊമ്പനും ചാക്യാറും വേഴാമ്പലും നിറസാന്നിധ്യമാകും. പുതിയ സീസന് മുന്നോടിയായുള്ള ആവേശം വാനോളമുയര്‍ത്താന്‍ ഭാഗ്യചിഹ്നങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ഭാഗ്യചിഹ്നങ്ങള്‍ക്ക് പേര് നല്‍കൂ, നേടാം സമ്മാനം

കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്‍, വേഴാമ്പല്‍,  ചാക്യാര്‍ എന്നിവയ്ക്ക് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. തെരഞ്ഞെടുത്ത പേരുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് കെസിഎ അറിയിച്ചു. പേരുകള്‍ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും കെസിഎല്ലിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ സന്ദര്‍ശിക്കുക.