/kalakaumudi/media/media_files/2025/09/26/vishnu-2025-09-26-19-56-43.jpg)
മസ്‌കത്ത്: ഒമാന്‍ ചെയര്‍മാന്‍ ഇലവനുമായുള്ള ട്വന്റി20 പരമ്പര സ്വന്തമാക്കി കേരള ക്രിക്കറ്റ് ടീം. മൂന്നാമത്തെ മത്സരത്തില്‍ ഒമാന്‍ ടീമിനെ 43 റണ്‍സിന് തോല്‍പിച്ചതോടെയാണ് കേരളം പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു.
ഓപ്പണര്‍ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചറിയാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു വിനോദ് 57 പന്തുകളില്‍ നിന്ന് 101 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ ചെയര്‍മാന്‍ ഇലവന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്.
ഒമാനില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കേരളം തോറ്റിരുന്നു. പിന്നീട് രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് കേരളം പരമ്പര നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത വിനൂപ് മനോഹരനും രണ്ടാം ഓവറില്‍ മടങ്ങി.
വിഷ്ണു വിനോദും സാലി വിശ്വനാഥും ചേര്‍ന്ന 86 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ആദ്യ ഓവറുകളില്‍ കരുതലോടെ ബാറ്റ് വീശിയ വിഷ്ണു വിനോദ് ഒന്‍പതാം ഓവര്‍ മുതലാണ് കൂറ്റന്‍ ഷോട്ടുകള്‍ക്ക് തുടക്കമിട്ടത്. 29 പന്തുകളിലാണ് വിഷ്ണു അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയത്.
ഇതിനിടയില്‍ 30 റണ്‍സെടുത്ത സാലി വിശ്വനാഥ് മടങ്ങി. എ.കെ. അര്‍ജുന്‍ അഞ്ചും അഖില്‍ സ്‌കറിയ ഒരു റണ്ണും എടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ വിഷ്ണു വിനോദും അന്‍ഫലും ചേര്‍ന്നുള്ള കൂറ്റനടികളാണ് കേരളത്തിന്റെ സ്‌കോര്‍ 190 ല്‍ എത്തിച്ചത്. അവസാന രണ്ട് ഓവറുകളില്‍ നിന്നായി ഇരുവരും 38 റണ്‍സ് നേടി.
അന്‍ഫല്‍ 13 പന്തുകളില്‍ നിന്ന് 32ഉം റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിങ്‌സ്. ചെയര്‍മാന്‍ ഇലവന് വേണ്ടി ഷക്കീല്‍ അഹ്‌മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയര്‍മാന്‍ ഇലവന് ഓപ്പണര്‍മാരായ ജതീന്ദര്‍ സിങ്ങും ആമിര്‍ കലീമും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജതീന്ദര്‍ സിങ് 27ഉം ആമിര്‍ കലീം 25ഉം റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഹമ്മദ് മിര്‍സ 21ഉം വിനായക് ശുക്ല 17 റണ്‍സും നേടി. അവസാന ഓവറുകളില്‍ സിക്രിയ ഇസ്ലാമിന്റെ കൂറ്റന്‍ ഷോട്ടുകളാണ് ചെയര്‍മാന്‍ ഇലവന്റെ സ്‌കോര്‍ 147 വരെയെത്തിച്ചത്. സിക്രിയ ഇസ്ലാം 19 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടി. കേരളത്തിന് വേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറുകളില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിന്‍ പി.എസ്. നാല് ഓവറുകളില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.