/kalakaumudi/media/media_files/2026/02/05/santosh-2-2026-02-05-19-33-23.jpg)
അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ പഞ്ചാബിനെ നിഷ്പ്രഭരാക്കി കേരളം ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. മുഹമ്മദ് റിയാസ് രണ്ടും അജ്സല്‍, വിഘ്നേഷ് എന്നിവര്‍ ഓരോ ഗോളും നേടി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയില്‍ ഒരുഗോള്‍കൂടി നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളത്തിന് 16-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ ലഭിച്ചു. വി. അര്‍ജുന്‍ എടുത്ത കൃത്യതയാര്‍ന്ന കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ മുഹമ്മദ് അജ്‌സല്‍ വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. അര്‍ജുന്‍ നല്‍കിയ കോര്‍ണര്‍ ബിബിന്‍ അജയന്‍ വഴി മുഹമ്മദ് റിയാസിലേക്ക്. അവസരം മുതലെടുത്ത റിയാസ് കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ അജ്‌സലിന്റെ പാസില്‍ നിന്നും എം. വിഘ്നേഷ് മൂന്നാം ഗോളും നേടി കേരളത്തിന്റെ ആധിപത്യം ഉറപ്പിച്ചു.
84-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഇ. സജീഷ് ഒരുക്കിയ പാസില്‍ റിയാസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
മറ്റൊരു സെമി ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ഫൈനലിലെത്തിയത്. അഭിഷേക് പവാര്‍ നേടിയ ഇരട്ട ഗോളുകളാണ് സര്‍വീസസിന് വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായി രണ്ടാംതവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളവും സര്‍വീസസും ഞായറാഴ്ച ഏറ്റുമുട്ടുക. കേരളത്തിന്റെ പതിനാറാം ഫൈനലാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
