/kalakaumudi/media/media_files/2024/12/03/uYvWFRMHrVGq8pJOjMiG.jpg)
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിര്‍ണായക മത്സരത്തില്‍ ആന്ധ്രപ്രദേശിനെതിരേ കേരളത്തിനു തോല്‍വി. ഗ്രൂപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കേരളത്തിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ ഇതോടെ തുലാസിലായി. ജയത്തോടെ ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ആന്ധ്ര ലക്ഷ്യത്തിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സര്‍വീസസിനെ 39 റണ്‍സിന് കീഴടക്കി കരുത്തരായ മുംബൈ കേരളത്തെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കു കയറി. ഇരു ടീമുകള്‍ക്കും 16 വീതം പോയിന്റ് ആണെങ്കിലും മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് മൂംബൈ രണ്ടാമതായത്. നിലവില്‍ മുംബൈക്ക് +1.330 റണ്‍ റേറ്റും കേരളത്തിന് +0.850 റണ്‍ റേറ്റുമാണ് ഉള്ളത്. മുംബൈക്ക് ഇനി നടക്കുന്ന അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ആന്ധ്രയെ തോല്‍പിക്കുകയോ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ കേരളത്തെ മറികടന്ന് മുംബൈക്ക് ക്വാര്‍ട്ടറിലെത്താം. കേരളം ആറു കളികളില്‍നിന്നും മുംബൈ അഞ്ചു കളികളില്‍നിന്നുമാണ് 16 പോയിന്റിലെത്തിയത്. അഞ്ചില്‍ അഞ്ചു കളികളും ജയിച്ച് 20 പോയിന്റുമായി ആന്ധ്രയാണ് ഒന്നാമത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതിന്റെ അര്‍ധ സെഞ്ചുറിയാണ് ആന്ധ്രപ്രദേശിന്റെ വിജയം എളുപ്പത്തിലാക്കിയത്. ടോസ് നേടിയ ആന്ധ്രപ്രദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഏഴ് റണ്‍സോടെയും രോഹന്‍ കുന്നുമ്മല്‍ ഒമ്പത് റണ്‍സോടെയും പുറത്തായി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ജലജ് കേരളത്തിന്റെ ടോപ് സ്‌കോററായി. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം സക്‌സേന 25 റണ്‍സെടുത്തു.
മുഹമ്മദ് അഹ്‌സറുദീന്‍ പൂജ്യം, സല്‍മാന്‍ നിസാര്‍ മൂന്ന്, വിഷ്ണു വിനോദ് ഒന്ന് തുടങ്ങിയ സ്‌കോറുകളുമായി കേരളത്തിന്റെ മറ്റ് ബാറ്റര്‍മാര്‍ ഡഗ് ഔട്ടില്‍ തിരിച്ചെത്തി. അബ്ദുള്‍ ബാസിത് നേടിയ 18 റണ്‍സാണ് കേരള നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോര്‍. എം ഡി നിധീഷ് 14 റണ്‍സും നേടി. ആന്ധ്രപ്രദേശിനായി കെ വി ശശികാന്ത് മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ആന്ധ്ര പ്രദേശ് അനായാസം ലക്ഷ്യത്തിലെത്തി. 33 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 56 ശ്രീകര്‍ ഭരത് 56 റണ്‍സെടുത്ത് ടോപ് സ്‌കോററായി. കേരളത്തിനായി ബൗളിങ്ങിലും തിളങ്ങിയ ജലജ് സക്‌സേന മൂന്ന് വിക്കറ്റെടുത്തു.