തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവിലാണ് കേരളത്തിലേക്ക് മെസിയും സംഘവും എത്തുന്നുവെന്ന വിവരം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചത്.
ഇനിയൊരും ട്വിസ്റ്റും ടേണും ഒന്നും ഉണ്ടാവാതെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആ നീലയിലെ വെള്ളവരയന്‍ കുപ്പായം അണിഞ്ഞ് മെസിയും കൂട്ടരും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാവും മത്സരം എന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്ന 10 പിച്ചുകളാണ് ഇവിടെയുള്ളത്. ഇത് മാറ്റി ഫുട്‌ബോള്‍ മത്സരത്തിന് ഇണങ്ങുന്ന മൈതാനമാക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.
സൗഹൃദ മത്സരം ആയതിനാല്‍ ഫിഫയുടെ മാനദണ്ഡപ്രകാരം ഗ്രൗണ്ട് ഒരുക്കേണ്ടി വരില്ല എന്നതാണ് ഇവിടെ കേരളത്തിന് പ്രധാനമായും ആശ്വാസമാവുന്നത്. കെസിഎ ഒരുക്കിയിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചില്‍ നിന്നും ബൗണ്ടറിയിലേക്കുള്ള ചരിവ് ഉള്‍പ്പെടെ പ്രശ്‌നമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കെസിഎ തയ്യാറാക്കിയിരിക്കുന്ന പിച്ചില്‍ കേടുപാടുകള്‍ സംഭവിച്ചാലും അര്‍ജന്റീന ടീമിനെ ഇത്രയും കോടികള്‍ മുടക്കി കേരളത്തിലേക്ക് കൊണ്ടുവരാം എങ്കില്‍ പിന്നെ കെസിഎയുടെ പിച്ച് മത്സരത്തിന് ശേഷം ശരിയാക്കി കൊടുക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നാണ് പ്രതികരണം.
25-30 മില്ലീ മീറ്റര്‍ ഉയരത്തിലാണ് ഫുട്‌ബോള്‍ ടര്‍ഫിലെ പുല്ലിന്റെ ഉയരം വരുന്നത്. ക്രിക്കറ്റ് മൈതാനത്ത് ഇത് 12-18 മില്ലീമീറ്റര്‍ ഉയരത്തിലും എന്നാണ് പിന്തുടരുന്ന കണക്ക്. ഗ്രീന്‍ഫീല്‍ഡിലെ പിച്ചിന്റ ഭാഗത്ത് പുല്ല് വളര്‍ത്തിയെടുക്കണം. പിച്ച് പൂര്‍ണമായും നശിപ്പിക്കാതെ തന്നെ ഈ പുല്ല് വളര്‍ത്തിയെടുക്കാനാവും. കൊച്ചിയില്‍ കെസിഎയുടെ പുതിയ സ്റ്റേഡിയം പദ്ധതിക്ക് സര്‍ക്കാരിന്റെ പലവിധ അനുമതികള്‍ ഉള്‍പ്പെടെ വേണമെന്നതിനാലും ഗ്രീന്‍ഫീല്‍ഡിലെ പിച്ചിന് കേടുപറ്റുന്ന കാര്യത്തില്‍ കെസിഎ വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കില്ല.
മെസിയേയും അര്‍ജന്റീന ടീമിനേയും കാണാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ എത്തിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സ്റ്റേഡിയം കപ്പാസിറ്റി 55000 ആണ്. ഇവിടെ നിലവില്‍ സൗകര്യമായിരിക്കുന്ന ഇരിപ്പിടങ്ങള്‍ 40000 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡഗൗട്ടും ഡ്രസ്സിങ് റൂമും തയ്യാറാക്കണം.
ഫുട്‌ബോള്‍ മത്സരങ്ങളില്‍ സ്റ്റേഡിയത്തിന്റെ നടുഭാഗത്ത് നിന്നാണ് ഇരു ടീമുകളുടേയും എന്‍ട്രി വരുന്നത്. അതിന് വേണ്ട സൗകര്യങ്ങളും ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കേണ്ടി വന്നേക്കും. ഇതിലെല്ലാം ടെക്‌നിക്കല്‍ കമ്മറ്റി വരും ദിവസങ്ങളില്‍ പരിഹാരം കാണും എന്നാണ് വിലയിരുത്തപ്പെടുന്നത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ സെന്റ് സേവേഴ്‌സ് ഗ്രൗണ്ടിലേക്ക് തന്നെ ഈ സമയം മാറ്റേണ്ടി വരും എന്ന പ്രശ്‌നവും ഉണ്ട്.
നിലവില്‍ ഗ്രൗണ്ടിന്റെ പരിപാലനം കേരളാ ക്രിക്കറ്റ് അസോസിയേഷനാണ്. സ്റ്റേഡിയത്തിന്റെ നവീകരണം സര്‍ക്കാരിന്റെ ചുമതലയും. എന്നാല്‍ മത്സരം നടത്തുന്നതിന് കെസിഎ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു എന്നാണ് സൂചന. അതിനു കാരണം ഐ.സി.സി അംഗീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയമാണ് കാര്യവട്ടത്ത് ഉള്ളത്.