സ്‌കൂള്‍ അത്ലറ്റിക്‌സ്; തകര്‍ന്നത് 3 പതിറ്റാണ്ട് പഴക്കമുള്ള 2 റെക്കോര്‍ഡുകള്‍

38 വര്‍ഷമായി ഇളക്കമില്ലാതിരുന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ റെക്കോര്‍ഡാണ് ഇന്നലെ ദേവപ്രിയ ഷൈബുവിന്റെ മിന്നല്‍ പ്രകടനത്തില്‍ കടപുഴകിയത്.

author-image
Biju
New Update
school meet

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന റെക്കോര്‍ഡുകള്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ തകര്‍ത്ത് 100 മീറ്ററിലെ വേഗ താരങ്ങള്‍. ജൂനിയര്‍ ആണ്‍കുട്ടികളില്‍ 100 മീറ്ററില്‍ 37 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് തകര്‍ത്ത് ആലപ്പുഴയുടെ ടി.എം.അതുലാണ് (10.81 സെക്കന്‍ഡ്) ആദ്യം മിന്നുംതാരമായത്. 

മിനിറ്റുകള്‍ക്കുശേഷം നടന്ന സബ് ജൂനിയര്‍ പെണ്‍ 100 മീറ്ററില്‍ 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇടുക്കിയുടെ ദേവപ്രിയ ഷൈബു (12.69 സെക്കന്‍ഡ്) സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലേക്ക് ഓടിക്കയറി. കായികമേളയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള റെക്കോര്‍ഡാണ് മറികടന്നത്.

38 വര്‍ഷമായി ഇളക്കമില്ലാതിരുന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ റെക്കോര്‍ഡാണ് ഇന്നലെ ദേവപ്രിയ ഷൈബുവിന്റെ മിന്നല്‍ പ്രകടനത്തില്‍ കടപുഴകിയത്. 1987ല്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിന്റെ താരമായിരുന്ന ബിന്ദു മാത്യു സ്ഥാപിച്ച റെക്കോര്‍ഡിനെ ദേവപ്രിയ മറികടന്നത് സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തിന്.

സിഎച്ച്എസ് കാല്‍വരിമൗണ്ടിലെ വിദ്യാര്‍ഥിയായ താരം കാല്‍വരി മൗണ്ട് പാലത്തുംതലയ്ക്കല്‍ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്. കഴിഞ്ഞ ആഴ്ച നടന്ന ഇടുക്കി ജില്ലാ കായികമേളയിലും സംസ്ഥാന റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം ദേവപ്രിയ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ ദേവപ്രിയ സ്വര്‍ണം നേടിയിരുന്നു. 80 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍ എന്നീ ഇനങ്ങളിലും ദേവപ്രിയ മത്സരിക്കുന്നുണ്ട്.