വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ത്രില്ലര്‍ വിജയം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചറി നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്

author-image
Biju
New Update
VIJAY HAZARE

അഹമ്മദാബാദ്: ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ഉജ്വല വിജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണു കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചറി നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ ഓപ്പണര്‍മാര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 25 റണ്‍സെടുത്ത ആദിത്യ റാഥോറിനെ ഏദന്‍ ആപ്പിള്‍ ടോമും 15 റണ്‍സെടുത്ത രാം ചൗഹാനെ അങ്കിത് ശര്‍മ്മയും പുറത്താക്കി. ഇതോടെ രണ്ട് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്ന രാജസ്ഥാനെ കരണ്‍ ലംബയും ദീപക് ഹൂഡയും ചേര്‍ന്ന കൂട്ടുകെട്ടാണ് ശക്തമായ നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 165 പന്തുകളില്‍ 171 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 83 പന്തുകളില്‍ 86 റണ്‍സെടുത്ത ദീപക് ഹൂഡയെ ബാബ അപരാജിത്ത് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയവര്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് കരണ്‍ ലംബ ഉറച്ച് നിന്നു. ക്യാപ്റ്റന്‍ മാനവ് സുതാര്‍ 11 പന്തുകളില്‍ 21ഉം അജയ് സിങ് കുക്‌ന 15 പന്തുകളില്‍ 23 റണ്‍സും നേടി. കരണ്‍ ലംബ 119 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബാബ അപരാജിത്തും കൃഷ്ണപ്രസാദും ചേര്‍ന്ന് നേടിയ 155 റണ്‍സാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. കൃഷ്ണപ്രസാദ് 53 റണ്‍സും ബാബ അപരാജിത്ത് 126 റണ്‍സും നേടി. 116 പന്തുകളില്‍ 12 ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു അപരാജിത്തിന്റെ ഉജ്വല ഇന്നിങ്‌സ്. എന്നാല്‍ തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും 28 റണ്‍സ് വീതം നേടി മടങ്ങി. ഷറഫുദ്ദീന്‍ 11ഉം സല്‍മാന്‍ നിസാര്‍ 18ഉം റണ്‍സ് നേടി പുറത്തായതോടെ 44.5 ഓറില്‍ ഏഴ് വിക്കറ്റിന് 287 റണ്‍സെന്ന നിലയിലായിരുന്നു കേരളം. 

കളി കൈവിട്ടെന്ന് കരുതിയ ഘട്ടത്തില്‍ ഒത്തുചേര്‍ന്ന അങ്കിത് ശര്‍മയും ഏദന്‍ ആപ്പിള്‍ ടോമും ചേര്‍ന്നാണ് കേരളത്തിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ചേര്‍ന്ന് 26 പന്തുകളില്‍ നേടിയ 46 റണ്‍സാണ് കളിയുടെ ഗതി മാറ്റിയെഴുതിയത്. വിജയത്തിന് 11 റണ്‍സ് അകലെ 27 റണ്‍സ് നേടിയ അങ്കിത് ശര്‍മ പുറത്തായി. എന്നാല്‍ കൃത്യതയോടെ ബാറ്റ് വീശിയ ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. വെറും 18 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 40 റണ്‍സുമായി ഏദന്‍ പുറത്താകാതെ നിന്നു. അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് ആപ്പിള്‍ ടോം കളി ജയിപ്പിച്ചത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും മാനവ് സുതാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.