87-2ല്‍ നിന്ന് 139ന് ഓള്‍ഔട്ട്; കേരളത്തെ ചുരുട്ടിക്കെട്ടി ചണ്ഡീഗഡ്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനം തെറ്റായി എന്ന് ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ വ്യക്തമായി. ഓപ്പണര്‍ അഭിഷേക് ജെ നായരുടെ വിക്കറ്റ് ആണ് കേരളത്തിന് ആദ്യം നഷ്ടമായത്.

author-image
Biju
New Update
KHA3

ചണ്ഡീഗഡ്: കേരളത്തെ 139 റണ്‍സിന് ചുരുട്ടിക്കെട്ടിയതിന് ശേഷം രഞ്ജി ട്രോഫിയില്‍ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ചണ്ഡീഗഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം 139 റണ്‍സിന് പുറത്തായിരുന്നു. മറുവശത്ത് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനം തെറ്റായി എന്ന് ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ വ്യക്തമായി. ഓപ്പണര്‍ അഭിഷേക് ജെ നായരുടെ വിക്കറ്റ് ആണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഒരു റണ്‍സ് മാത്രമെടുത്ത കേരളത്തിന്റെ ഓപ്പണറെ കാര്‍ത്തിക് സന്ദിലാണ് മടക്കിയത്. 14 റണ്‍സെടുത്ത എ.കെ. ആകര്‍ഷിനെ രോഹിത് ധന്ദ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കേരളം സമ്മര്‍ദത്തിലായി.

രണ്ട് വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന സഖ്യം കേരളത്തിന് തിരികെ കയറാനാവുമെന്ന പ്രതീക്ഷ നല്‍കി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം ചണ്ഡീഗഡിന്റെ പ്രഹരം അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചില്ല.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള നാലാം ഓവറില്‍ തന്നെ സച്ചിന്‍ ബേബിയേയും വിഷ്ണു വിനോദിനേയും കേരളത്തിന് നഷ്ടമായി. 41 റണ്‍സ് ആണ് സച്ചിന്‍ ബേബി കണ്ടെത്തിയത്. വിഷ്ണു വിനോദ് ഡക്കായി. സച്ചിനേയും വിഷ്ണുവിനേയും വിക്കറ്റിന് മുന്‍പില്‍ കുടുക്കിയാണ് രോഹിത് ധന്ദ മടക്കിയത്. 

പൊരുതി നിന്ന ബാബ അപരാജിത്ത് 49 റണ്‍സിന് പുറത്തായി. എട്ട് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നാല് റണ്‍സും അങ്കിത് ശര്‍മ്മ ഒരു റണ്‍സും ശ്രീഹരി എസ്. നായര്‍ പൂജ്യത്തിനും ആണ് തുടരെ പുറത്തായത്. സല്‍മാന്‍ നിസാര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢിന് 11 റണ്‍സെടുത്ത ഓപ്പണര്‍ നിഖില്‍ ഥാക്കൂറിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ക്യാപ്റ്റന്‍ മനന്‍ വോറയും അര്‍ജുന്‍ ആസാദും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവരെ ആദ്യ ദിനം ശക്തമായ നിലയിലെത്തിച്ചു. കളി നിര്‍ത്തുമ്പോള്‍ അര്‍ജുന്‍ ആസാദ് 78 റണ്‍സുമായും മനന്‍ വോറ 51 റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയാണ്.