ഗോവയെ തകര്‍ത്ത് കേരളം; രഞ്ജി ട്രോഫിയില്‍ ഒന്‍പത് വിക്കറ്റിന്റെ ജയം

നേരത്തെ 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്‌സില്‍ 199 റണ്‍സിന് പുറത്തായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി ഒന്‍പത് വിക്കറ്റ് വീഴ്ത്തുകയും 36 റണ്‍സ് നേടുകയും ചെയ്ത അങ്കിത് ശര്‍മ്മയാണ് കളിയിലെ താരം

author-image
Biju
New Update
goa2

ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. 29 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നേരത്തെ 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്‌സില്‍ 199 റണ്‍സിന് പുറത്തായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി ഒന്‍പത് വിക്കറ്റ് വീഴ്ത്തുകയും 36 റണ്‍സ് നേടുകയും ചെയ്ത അങ്കിത് ശര്‍മ്മയാണ് കളിയിലെ താരം.

ആദ്യ ഇന്നിങ്‌സില്‍ വലിയ ലീഡ് വഴങ്ങിയ ഗോവയ്ക്ക് രണ്ടാം ഇന്നിങ്‌സിലും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയെ നഷ്ടമായി. 14 റണ്‍സെടുത്ത സുയാഷിനെ എം.ഡി. നിധീഷിന്റെ പന്തില്‍ മാനവ് കൃഷ്ണ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ കശ്യപ് ബക്ല (15), അഭിനവ് തേജ്രാന (17) എന്നിവരെയും നിധീഷ് തന്നെ മടക്കി. ക്യാപ്റ്റന്‍ സ്‌നേഹല്‍ കൗതങ്കര്‍, എന്‍.പി. ബേസിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

ഇതോടെ നാല് വിക്കറ്റിന് 46 റണ്‍സെന്ന നിലയിലായ ഗോവയ്ക്ക് ലളിത് യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേര്‍ന്ന 44 റണ്‍സിന്റെ കൂട്ടുകെട്ട് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരെയും പുറത്താക്കി അങ്കിത് ശര്‍മ്മ കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒന്‍പതാം വിക്കറ്റില്‍ ദര്‍ശന്‍ മിസലും അര്‍ജുന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നുള്ള 60 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗോവയെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 

24 റണ്‍സെടുത്ത അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കി അങ്കിത് ശര്‍മ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 55 റണ്‍സെടുത്ത ദര്‍ശന്‍ മിസലിനെ പുറത്താക്കി നിധീഷ് എം.ഡി. അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. അങ്കിത് ശര്‍മ്മ മൂന്നും ബേസില്‍ എന്‍.പി, അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും സച്ചിന്‍ ബേബിയുമാണ് ഇന്നിങ്‌സ് തുറന്നത്. ഒരു റണ്ണെടുത്ത സച്ചിന്‍ തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ അഭിഷേക് ജെ. നായരും (19) സല്‍മാന്‍ നിസാറും (9) ചേര്‍ന്ന് കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 

സ്‌കോര്‍: ഗോവ: ഒന്നാം ഇന്നിങ്‌സ് -355, രണ്ടാം ഇന്നിങ്‌സ് - 199
കേരളം: ഒന്നാം ഇന്നിങ്‌സ് - 526/9 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്‌സ് - 29/1.