രഞ്ജിയില്‍ കേരളം നാളെ ഹരിയാനക്കെതിരേ

ഹരിയാനയിലെ റോഹ്തക് ബന്‍സിലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കും. നിലവില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് ഹരിയാന

author-image
Prana
New Update
kerala ranji

രഞ്ജി ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ കേരളം നാളെ ശക്തരായ ഹരിയാനയെ നേരിടും. ഹരിയാനയിലെ റോഹ്തക് ബന്‍സിലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കും. നിലവില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് ഹരിയാന. രണ്ടാം സ്ഥാനത്താണ് കേരളം. നാല് മത്സരം പൂര്‍ത്തിയാക്കിയ ഇരു ടീമുകളും രണ്ട് ജയവും രണ്ട് സമനിലയുമാണ് നേടിയതെങ്കിലും ബോണസ് പോയിന്റില്‍ ഹരിയാന മുന്നിലാണ്. ഹരിയാനയ്ക്ക് 19 പോയിന്റും കേരളത്തിന് 15 പോയിന്റുമാണുള്ളത്.
രഞ്ജിട്രോഫി ചരിത്രത്തില്‍ മികച്ച പ്രകടനങ്ങളിലൊന്നാണ് ഇത്തവണ കേരളത്തിന്റെത്. കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ കൂറ്റന്‍ ജയമാണ് കേരളം നേടിയത്. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം ജയിച്ചത്. മഴ മൂലവും മറ്റും കര്‍ണാടകയ്‌ക്കെതിരെയും ബംഗാളിനെതിരെയുമുള്ള മത്സരം സമനിലയായപ്പോള്‍ പഞ്ചാബിനെ കേരളം എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.
പഞ്ചാബിനെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് ഹരിയാന വരുന്നത്. ഉത്തര്‍പ്രദേശിനോടും മധ്യപ്രദേശിനോടുമായിരുന്നു ഹരിയാന സമനില പിടിച്ചത്. ബിഹാറിനെ 43 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി കളിച്ച മൂന്ന് താരങ്ങള്‍ ഹരിയാനയുടെ ടീമിലുണ്ട്. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ടീമിലെ ദേശീയ താരങ്ങള്‍.
കേരള ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, ആദിത്യ സര്‍വതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, കെഎം ആസിഫ്, എം ഡി നിധീഷ്, വിഷ്ണു വിനോദ്, ഫാസില്‍ വിനോദ്, കൃഷ്ണ പ്രസാദ്.

harshal patel kerala yuzvendra chahal haryana ranji trophy