/kalakaumudi/media/media_files/2024/11/09/sTdNhHCVbYPC2yZXY7YL.jpg)
രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളം ഇന്നിങ്‌സിനും 117 റണ്‍സിനും ജയിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 233 ന്റെ കടവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഉത്തര്‍പ്രദേശ് 37.5 ഓവറില്‍ വെറും 116 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് കൊയ്ത ജലജ് സക്‌സേനയാണ് കേരളത്തിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. മത്സരത്തിലാകെ സക്‌സേന 11 വിക്കറ്റ് വീഴ്ത്തി. ഇന്നിങ്‌സ് വിജയത്തോടെ കേരളത്തിന് ബോണസ് പോയിന്റും ലഭിച്ചു. നവംബര്‍ 13 മുതല്‍ ഹരിയാനയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കേരളത്തിന്റെ സ്പിന്‍ ആക്രമണത്തിന് മുന്നിലാണ് ഉത്തര്‍പ്രദേശ് തകര്‍ന്നടിഞ്ഞത്. 78 പന്തില്‍ നാല് ഫോറുകള്‍ അടക്കം 36 റണ്‍സെടുത്ത മാധവ് കൗശിക്കാണ് യുപി ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. നേരത്തെ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ കേരളം 395 റണ്‍സ് ചേര്‍ത്തിരുന്നു. 202 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം 93 റണ്‍സെടുത്ത സല്‍മാന്‍ നിസാറിന്റെയും 165 പന്തുകള്‍ നേരിട്ട് 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും മികവിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി കേരളം എലൈറ്റ് സി ഗ്രൂപ്പില്‍ രണ്ടാമതെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
