/kalakaumudi/media/media_files/2024/10/26/B3SgdJZSIqa6NfmEQnL6.jpg)
ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് മുന്നേറി ന്യൂസിലാൻഡ്. രണ്ടാം സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയെ റൺസിന് തകർത്താണ് ന്യൂസിലാൻഡ് കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടാനേ സാധിച്ചുള്ളൂ. ന്യൂസിലാൻഡ് ബൗളിങ്ങിൽ ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റും ഗ്ലെൻ ഫിലിപ്പ്സ്, മാറ്റ് ഹെൻറി എന്നിവർ രണ്ട് വിക്കറ്റുകളും നേടി മിന്നും പ്രകടനമാണ് നടത്തിയത്. മൈക്കൽ ബ്രസ്‌വെൽ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റും നേടി നിർണായകമായി. സൗത്ത് ആഫ്രിക്കക്കായി ഡേവിഡ് മില്ലർ സെഞ്ച്വറി നേടി അവസാന നിമിഷം വരെ ക്രീസിൽ തുടർന്നു. 67 പന്തിൽ പുറത്താവാതെ 100 റൺസാണ് മില്ലർ നേടിയത്. 10 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ടെംബ ബവുമ, റാസ്സി വാൻ ഡെർ ഡസ്സൻ എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. വാൻ ഡെർ ഡസ്സൻ 66 പന്തിൽ 69 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 71 പന്തിൽ 56 റൺസും നേടി. അതേസമയം രചിൻ രവീന്ദ്രയുടെയും കെയ്ൻ വില്യംസണിന്റെയും തകർപ്പൻ സെഞ്ച്വറി കരുത്തിലാണ് കിവിസ് മികച്ച സ്കോർ നേടിയത്. 101 പന്തിൽ നിന്നും 108 റൺസാണ് രചിൻ അടിച്ചെടുത്തത്. 13 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മറുഭാഗത്ത് 10 ഫോറുകളും രണ്ട് സിക്സും ഉൾപ്പെടെ 94 പന്തിൽ 104 റൺസാണ് വില്യംസൺ നേടിയത്.