രണ്ടാം ഏകദിനം: കിവീസിന് 113 റണ്‍സ് ജയം, പരമ്പര; തീക്ഷണയ്ക്ക് ഹാട്രിക്

ഹാമില്‍ട്ടണില്‍ മഴ മൂലം 37 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 142 റണ്‍സിനു പുറത്തായി.

author-image
Prana
New Update
newzealand rachin

ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 113 റണ്‍സിന് വിജയിച്ചാണ് ന്യൂസിലന്‍ഡ് പരമ്പര നേടിയത്. ആദ്യ ഏകദിനത്തിലും കിവീസ് ജയിച്ചിരുന്നു. ഹാമില്‍ട്ടണില്‍ മഴ മൂലം 37 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 142 റണ്‍സിനു പുറത്തായി.
അര്‍ധസെഞ്ചുറി നേടിയ കമിന്ദു മെന്‍ഡിസ് (64) ആണ് ലങ്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍. അവിഷ്‌ക ഫെര്‍ണാണ്ടോ (10), ജനിത് ലിയാനഗെ (22), ചമിദു വിക്രമസിംഗെ (17) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ന്യൂസിലന്‍ഡിനു വേണ്ടി വില്യം ഒറൂര്‍ക്കെ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേക്കബ് ഡഫി രണ്ടും മാറ്റ് ഹെന്റി, നഥാന്‍ സ്മിത്ത്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് അര്‍ധസെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുടെയും മാര്‍ക്ക് ചാപ്മാന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. രചിന്‍ 63 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 79 റണ്‍സെടുത്തപ്പോള്‍ ചാപ്മാന്‍ 52 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെടെ 62 റണ്‍സെടുത്തു.
ഡാരില്‍ മിച്ചല്‍ (38), ഗ്ലെന്‍ ഫിലിപ്‌സ് (22), മിച്ചല്‍ സാന്റ്‌നര്‍ (20) എന്നിവരും സംഭാവന നല്കി.
ഹാട്രിക് സ്വന്തമാക്കിയ മഹീഷ് തീക്ഷണയുടെ പ്രകടനം തോല്‍വിയിലും ലങ്കയ്ക്ക് ആശ്വാസമായി. കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നറെയും നഥാന്‍ സ്മിത്തിനെയും മാറ്റ് ഹെന്റിയെയും പുറത്താക്കിയാണ് തീക്ഷണ ഹാട്രിക് നേട്ടത്തിലെത്തിയത്. ഇതുള്‍പ്പെടെ നാലുവിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ, ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ ലങ്കന്‍ ബൗളറായി തീക്ഷണ.

Theekshana Rachin Ravindra srilanka vs newzealand hat-trick