/kalakaumudi/media/media_files/2025/08/08/sanju-samson-2025-08-08-17-01-51.jpg)
മുംബൈ: യുഎഇയില്‍ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റി ഓഗസ്റ്റ് 19, 20 തീയതികളിലായി ടീമിനെ പ്രഖ്യാപിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ടീം തിരഞ്ഞെടുപ്പ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതായാണ് സൂചന. സഞ്ജുവിനു പുറമേ അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഉള്‍പ്പെടുന്ന ടോപ് ഓര്‍ഡറില്‍ കൈവയ്ക്കാന്‍ സിലക്ടര്‍മാര്‍ തയാറാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരുക്കില്‍നിന്ന് മോചിതനായി പരിശീലനം പുനരാരംഭിച്ച സൂര്യകുമാര്‍ യാദവ് തന്നെ ക്യാപ്റ്റനാകാനാണ് സാധ്യതയെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ശുഭ്മന്‍ ഗില്ലും പരിഗണനയിലുണ്ടെന്നാണ് വിവരം. പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ആദ്യം വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍നിന്ന് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കും.
ചില അപ്രതീക്ഷിത തീരുമാനങ്ങള്‍ തള്ളിക്കളയാനാകില്ലെങ്കിലും, സൂര്യകുമാര്‍ യാദവിനു കീഴില്‍ മികച്ച പ്രകടനം നടത്തുന്ന ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ക്ക് സിലക്ടര്‍മാര്‍ തയാറായേക്കില്ല. ഇതോടെ ഐപിഎലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, പരിചയസമ്പന്നനായ കെ.എല്‍. രാഹുല്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ല.
''അഭിഷേക് ശര്‍മ നിലവില്‍ ഐസിസി ബാറ്റര്‍മാരില്‍ ഒന്നാം റാങ്കുകാരനാണ്. കഴിഞ്ഞ സീസണില്‍ വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങിയ താരമാണ് സഞ്ജു സാംസണ്‍. തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെയും അവഗണിക്കാനാകാത്തതിനാല്‍, ടീം തിരഞ്ഞെടുപ്പ് സങ്കീര്‍ണമായിരിക്കും. ഐപിഎലിലും ഗില്ലിന്റെ പ്രകടനം മികച്ചതായിരുന്നല്ലോ. ടോപ് ഓര്‍ഡറില്‍ മികവുറ്റ ഒട്ടേറെ താരങ്ങളുണ്ട് എന്നതാണ് സിലക്ടര്‍മാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സഞ്ജു സാംസണ്‍ ഒന്നാം വിക്കറ്റ് കീപ്പറായി ടീമില്‍ ഇടമുറപ്പിച്ചതോടെ, രണ്ടാം വിക്കറ്റ് കീപ്പര്‍ ആരാകുമെന്ന ചോദ്യവും സജീവമായി. ജിതേഷ് ശര്‍മയും ധ്രുവ് ജുറേലും തമ്മിലാണ് ഈ സ്ഥാനത്തേക്ക് മത്സരം. ഐപിഎലില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ഫിനിഷര്‍ റോളിനു ചേരുന്ന താരമെന്ന ആനുകൂല്യവും ജിതേഷ് ശര്‍മയ്ക്കുണ്ട്. ഇഷാന്‍ കിഷനെ പരിഗണിക്കാനും വിദൂര സാധ്യതയുണ്ട്.
ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ സ്വാഭാവികമായും ടീമില്‍ ഇടംപിടിക്കുമ്പോള്‍, ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി പുറത്തിരിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ തിരിച്ചുവരവു നടത്തിയ ശിവം ദുബെയും ടീമില്‍ ഇടംപിടിച്ചേക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും വാഷിങ്ടന്‍ സുന്ദറും എത്തും. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇടം ഉറപ്പാണ്.
പേസ് ബോളിങ് വിഭാഗത്തില്‍ ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് ഇടം ഉറപ്പാണ്. മൂന്നാം സീമറായി ആരു വരുമെന്ന ചോദ്യവും സജീവമാണ്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 25 വിക്കറ്റെടുത്ത് കരുത്തു തെളിയിച്ച പ്രസിദ്ധ് കൃഷ്ണ, പരിശീലകനായ ഗൗതം ഗംഭീറിന്റെ അടുപ്പക്കാരന്‍ ഹര്‍ഷിത് റാണ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം.