/kalakaumudi/media/media_files/2024/10/28/E94aZU3ahzubEfSTOGT7.jpg)
ഡൽഹി: 2025 ഐപിഎല്‍ സീസൺ ആരംഭിക്കാൻ ഇനി 10 നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഐപിഎൽ സീസണിൽ സൂപ്പർ താരവും ഇന്ത്യൻ വിക്കറ്റ് കീപ്പറുമായ കെഎൽ രാഹുലാകും ഡൽഹിയെ നയിക്കുകയെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ, ഐപിഎൽ അടുത്തെത്തിയതോടെ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചരിക്കുകയാണ് കെഎൽ രാഹുൽ. രാഹുലിന് പകരം ഇന്ത്യൻ സൂപ്പർ ഓൾറൗണ്ടർ അക്സർ പട്ടേലിനായിരിക്കും ടീമിന്റെ ചുമതല. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ റിഷഭ് പന്ത് വിലക്ക് നേരിട്ട ഒരു മത്സരത്തിൽ ടീമിനെ നയിച്ചത് അക്സറായിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ മിന്നും ഫോമിലുണ്ടായിരുന്ന അക്സർ ഐസിസിയുടെ ചാംപ്യൻസ് ട്രോഫി ടീമിലും ഉൾപ്പെട്ടിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 103 റണ്‍സും അഞ്ചു വിക്കറ്റുമായിരുന്നു അക്‌സറിൻരെ സമ്പാദ്യം. രാഹുല്‍ നായകസ്ഥാനം ഒഴിവാക്കാനുള്ള കാരണം എന്താണെന്ന ചോദ്യമാണ് ആരാധകര്‍ ഉയർത്തുന്നത്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് നായകസ്ഥാനം ഒഴിഞ്ഞതെന്നാണ് രാഹുല്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. അതേസമയം, ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട കാരണത്താൽ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിക്കാനിടയില്ല. ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്കും കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.