കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 189 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 26 പന്തുകളില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചറിയിലെത്തിയത്.

author-image
Biju
New Update
blue

തിരുവന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. തകര്‍ത്തടിച്ച ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. 46 പന്തുകള്‍ നേരിട്ട സഞ്ജു 89 റണ്‍സെടുത്തു പുറത്തായി. ഒന്‍പതു സിക്‌സുകളും നാലു ഫോറുകളുമാണ് സഞ്ജു ബൗണ്ടറി കടത്തിയത്. അജിനാസ് എറിഞ്ഞ 18ാം ഓവറില്‍ ആനന്ത് കൃഷ്ണന്‍ ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 26 പന്തുകളില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചറിയിലെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ തൃശൂര്‍ ടൈറ്റന്‍സ് കൊച്ചിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കൊച്ചിക്ക് സഞ്ജു മികച്ച തുടക്കം നല്‍കിയെങ്കിലും പിന്തുണ നല്‍കാന്‍ മറുവശത്ത് ആരുമുണ്ടായിരുന്നില്ല. സഞ്ജുവിന് പിന്നാലെ 18ാം ഓവറില്‍ തന്നെ പി.എസ്. ജെറിന്‍, ആഷിഖ് എന്നിവരെയും പുറത്താക്കിയ അജിനാസ് കെസിഎലിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് സ്വന്തമാക്കി.

മുഹമ്മദ് ഷാനു (29 പന്തില്‍ 24), നിഖില്‍ തോട്ടത്ത് (11 പന്തില്‍ 18), സലി സാംസണ്‍ (ആറ് പന്തില്‍ 16), വിനൂപ് മനോഹരന്‍ (അഞ്ച്), പി.എസ്. ജെറിന്‍ പൂജ്യം), മുഹമ്മദ് ആഷിഖ് (പൂജ്യം) എന്നിവരാണു കൊച്ചി നിരയില്‍ പുറത്തായ ബാറ്റര്‍മാര്‍. കളിച്ച മൂന്ന് മല്‌സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കൊച്ചി. നാലോവറുകള്‍ പന്തെറിഞ്ഞ അജിനാസ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. സിബിന്‍ ഗിരീഷും ആനന്ദ് ജോസഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.