/kalakaumudi/media/media_files/2025/08/26/blue-2025-08-26-16-58-31.jpg)
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആദ്യ തോല്‍വി. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനാണ് കൊച്ചിയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ എ.കെ. അജിനാസാണ് കളിയിലെ താരം.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തന്നെയായിരുന്നു കൊച്ചിയുടെ ഇന്നിങ്‌സിനെ മുന്നില്‍ നിന്ന് നയിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വിനൂപ് മനോഹരന്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ മുഹമ്മദ് ഷാനുവും സഞ്ജുവും ചേര്‍ന്ന് കൊച്ചിയ്ക്ക് മികച്ച തുടക്കം നല്‍കി. ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവര്‍ മുതല്‍ സഞ്ജു ആഞ്ഞടിച്ചു. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 18 റണ്‍സാണ് ആ ഓവറില്‍ സഞ്ജു നേടിയത്. സഞ്ജുവിന്റെ മികവില്‍ കൊച്ചി ആറാം ഓവറില്‍ അന്‍പത് റണ്‍സ് പിന്നിട്ടു. 26 പന്തുകളില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സ് പിറന്നു. 24 റണ്‍സെടുത്ത ഷാനുവിനെ പുറത്താക്കി അജിനാസാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.
തുടര്‍ന്നെത്തിയ നിഖില്‍ തോട്ടത്ത് 18ഉം ക്യാപ്റ്റന്‍ സലി സാംസന്‍ 16ഉം റണ്‍സുമായി മടങ്ങി. മറുവശത്ത് കൂറ്റന്‍ ഷോട്ടുകളുമായി സഞ്ജു ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ അജിനാസ് എറിഞ്ഞ 18ആം ഓവര്‍ നിര്‍ണ്ണായകമായി. ഓവറിലെ രണ്ടാം പന്തില്‍ ആനന്ദ് കൃഷ്ണന്‍ പിടിച്ച് സഞ്ജു സാംസണ്‍ പുറത്തായി. 46 പന്തുകളില്‍ നാല് ഫോറും എട്ട് സിക്‌സും അടക്കം 89 റണ്‍സാണ് സഞ്ജു നേടിയത്. തൊട്ടടുത്ത പന്തില്‍ പി.എസ്. ജെറിനും അടുത്ത പന്തില്‍ മുഹമ്മദ് ആഷിഖും പുറത്താകുമ്പോള്‍ അജിനാസ് ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കി. 13 പന്തുകളില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ആല്‍ഫി ഫ്രാന്‍സിസിന്റെ പ്രകടനം കൂടി ചേര്‍ന്നപ്പോള്‍ കൊച്ചിയുടെ ഇന്നിങ്‌സ് 188ല്‍ അവസാനിച്ചു. നാലോവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അജിനാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ സിബിന്‍ ഗിരീഷും തൃശൂര്‍ ബോളിങ് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് അഹ്മദ് ഇമ്രാന്‍ തകര്‍പ്പന്‍ തുടക്കം തന്നെ നല്‍കി. മറുവശത്ത് ആനന്ദ് കൃഷ്ണനും ഷോണ്‍ റോജറും വിഷ്ണു മേനോനും ചെറിയ സ്‌കോറുകളില്‍ പുറത്തായെങ്കിലും കൂറ്റന്‍ ഷോട്ടുകളിലൂടെ അഹ്മദ് ഇമ്രാന്‍ ബാറ്റിങ് തുടര്‍ന്നു. 28 പന്തുകളില്‍ ഇമ്രാന്‍ അര്‍ധ സെഞ്ചറി തികച്ചു. അക്ഷയ് മനോഹറുമൊത്ത് നാലാം വിക്കറ്റില്‍ ഇമ്രാന്‍ നേടിയ 51 റണ്‍സാണ് തൃശൂരിന്റെ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ പി.എസ്. ജെറിന്‍ എറിഞ്ഞ 14ആം ഓവറില്‍ ഇരുവരും പുറത്തായത് തൃശൂരിന് തിരിച്ചടിയായി. അക്ഷയ് മനോഹര്‍ 20 റണ്‍സും അഹ്മദ് ഇമ്രാന്‍ 72 റണ്‍സും നേടിയാണ് മടങ്ങിയത്. 40 പന്തുകളില്‍ ഏഴ് ഫോറും നാല് സിക്‌സുമടക്കമായിരുന്നു ഇമ്രാന്‍ 72 റണ്‍സ് നേടിയത്.
കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും എ.കെ. അര്‍ജുനും ചേര്‍ന്ന് പക്ഷെ അസാധ്യമെന്ന് തോന്നിച്ചത് സാധ്യമാക്കുകയായിരുന്നു. 16ആം ഓവര്‍ മുതല്‍ ആഞ്ഞടിച്ച ഇരുവരും ചേര്‍ന്ന് അവസാന പന്തില്‍ ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ നാലാം പന്ത് സിക്‌സറിന് പറത്തിയതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. പരിചയ സമ്പത്തോടെ ബാറ്റ് വീശിയ സിജോമോന്‍ ബൗണ്ടറിയിലൂടെ ടീമിന് വിജയമൊരുക്കി. സിജോമോന്‍ ജോസഫ് 23 പന്തുകളില്‍ നിന്ന് 42 റണ്‍സും അര്‍ജുന്‍ 16 പന്തുകളില്‍ നിന്ന് 31 റണ്‍സും നേടി പുറത്താകാതെ നിന്നു. വിജയത്തോടെ തൃശൂര്‍ ആറ് പോയിന്റു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.