ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത്, കോലി തൊട്ടുപിന്നില്‍

പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 723 റേറ്റിംഗ് പോയന്റുള്ള ഗില്ലിന് തൊട്ടുപിന്നിലായി 722 റേറ്റിംഗ് പോയന്റുമായി ബാബര്‍ അസമുണ്ട്.

author-image
Biju
New Update
kolhi

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 781 റേറ്റിംഗ് പോയന്റുമായാണ് രോഹിത് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ വിരാട് കോലി രണ്ട് സ്ഥാനം ഉയര്‍ന്ന് 773 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രോഹിത്തുമായി എട്ട് റേറ്റിംഗ് പോയന്റുകളുടെ അകലം മാത്രമാണ് കോലിക്കുള്ളത്. 2021ലാണ് കോലി അവസാനം ഒന്നാം സ്ഥാനത്തെത്തിയത്.

പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 723 റേറ്റിംഗ് പോയന്റുള്ള ഗില്ലിന് തൊട്ടുപിന്നിലായി 722 റേറ്റിംഗ് പോയന്റുമായി ബാബര്‍ അസമുണ്ട്.

പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി പതിനൊന്നാം സ്ഥാനത്തായി.

ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിക്കുകയും രണ്ട് അര്‍ധസെഞ്ചുറികളുമായി ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് 12-ാം സ്ഥാനത്തെത്തി.

ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മൂന്ന് കളികളില്‍ 9 വിക്കറ്റാണ് കുല്‍ദീപ് നേടിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ മുഹമ്മദ് സിറാജ് നാലു സ്ഥാനം താഴേക്കിറങ്ങി 21-ാം സ്ഥാനത്തായപ്പോള്‍ രവീന്ദ്ര ജഡേ രണ്ട് സ്ഥാനം നഷ്ടമാക്കി പതിനാറാം സ്ഥാനത്തേക്ക് വീണു.

ഓള്‍ റൗണ്ടര്‍മാരില്‍ ടോപ് 5ല്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പത്താം സ്ഥാനത്തുള്ള അക്‌സര്‍ പട്ടേല്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം. രവീന്ദ്ര ജഡേജ പതിനൊന്നാം സ്ഥാനത്താണ്.