/kalakaumudi/media/media_files/2025/08/25/sp-2025-08-25-20-56-01.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ തോല്‍വി. കൊല്ലം സെയ്ലേഴ്സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടൈറ്റന്‍സ് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് 19.5 ഓവറില്‍ 144ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ അജയ്ഘോഷ്, മൂന്ന് പേരെ പുറത്താക്കിയ അമല്‍ എന്നിവരാണ് ടൈറ്റന്‍സിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സെയ്ലേഴ്സ് സെയ്ലേഴ്സ് 14.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിഷ്ണു വിനോദിന്റെ (38 പന്തില്‍ 86) ഇന്നിംഗ്സാണ് സെയ്ലേഴ്സിന്റെ വിജയം വേഗത്തിലാക്കിയത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സെയ്ലേഴ്സിന്റെ രണ്ടാം ജയമാണിത്. മൂന്ന് മത്സരങ്ങളില്‍ ടൈറ്റന്‍സിന്റെ ആദ്യ തോല്‍വിയും.
കഴിഞ്ഞ ദിവസം നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു വിഷ്ണു വിനോദ്. കഴിഞ്ഞ ദിവസം കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ 94 റണ്‍സ് നേടിയിരുന്നു വിഷ്ണു. അഭിഷേക് നായരുടെ (8) വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും വിഷ്ണുവിന്റെ ബാറ്റിംഗ് ടൈറ്റന്‍സിന് ജയമൊരുക്കി. അഭിജിത് മടങ്ങുമ്പോള്‍ നാല് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നാലെ വിഷ്ണു - സച്ചിന്‍ ബേബി സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. 10-ാം ഓവറില്‍ വിഷ്ണു വിനോദ് മടങ്ങി. എട്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. വിഷുണു മടങ്ങിയെങ്കിലും സജീവന്‍ അഖിലിനെ (19) കൂട്ടുപിടിച്ച് സച്ചിന്‍ ബേബി (32) സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, ആനന്ദ് കൃഷ്ണന്‍ (41) മാത്രമാണ് ടൈറ്റന്‍സ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. അക്ഷയ് മനോഹര്‍ (24), അഹമ്മദ് ഇമ്രാന്‍ (16), വിനോദ് കുമാര്‍ (13), ഷോണ്‍ റോജര്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അര്‍ജുന്‍ എ കെ (2), സിജോമോന്‍ (9), വിഷ്ണു മേനോന്‍ (4), നിതീഷ് (9), ആനന്ദ് ജോസഫ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സിബിന്‍ ഗിരീഷ് (3) പുറത്താവാതെ നിന്നു.
കൊല്ലം സെയ്ലേഴ്സ്: വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ആഷിക് മുഹമ്മദ്, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, സച്ചിന്‍ പി എസ്, രാഹുല്‍ ശര്‍മ്മ, അമല്‍, ഈഡന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍, അജയഘോഷ്.
തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, മുഹമ്മദ് ഇസ്ഹാക്ക്, അര്‍ജുന്‍ എ.കെ., വിനോദ് കുമാര്‍ സി.വി, സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്, എം.ഡി നിധീഷ്, ആനന്ദ് ജോസഫ്.