/kalakaumudi/media/media_files/2025/07/26/chess-2025-07-26-22-11-26.jpg)
ജോര്‍ജിയ: വനിതാ ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തില്‍ സമനിലയ്ക്ക് കൈകൊടുത്ത് ഇന്ത്യന്‍ താരങ്ങളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും. ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്ന കലാശപ്പോരാട്ടമെന്ന നിലയില്‍ ശ്രദ്ധ നേടിയ മത്സരത്തില്‍, ഇരുവരും കടുത്ത പോരാട്ടം കാഴ്ചവച്ചാണ് സമനിലയ്ക്ക് കൈകൊടുത്തത്.
ഇതോടെ ഇരുവര്‍ക്കും അര പോയിന്റ് വീതം ലഭിച്ചു. വിജയിയെ കണ്ടെത്താനുള്ള രണ്ടാം മത്സരം നാളെ നടക്കും. അവിടെയും സമനില തുടര്‍ന്നാല്‍ തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറിലൂടെ ജേതാവിനെ കണ്ടെത്തും.
ഇന്ത്യന്‍ വനിതാ ചെസിലെ യുവത്വവും പരിചയസമ്പത്തും നേര്‍ക്കുനേരെത്തിയ മത്സരത്തില്‍ മുപ്പത്തെട്ടുകാരിയായ കൊനേരു ഹംപിയെ വിറപ്പിച്ചാണ് പത്തൊന്‍പതുകാരിയായ ദിവ്യ ദേശ്മുഖ് സമനിലയ്ക്കു സമ്മതിച്ചത്. നേരത്തെ, മുന്‍ ലോക വനിതാ ചാംപ്യന്‍ ടാന്‍ സോങ്യിയെ 101 നീക്കങ്ങള്‍ നീണ്ട മാരത്തണ്‍ കളിയില്‍ തോല്‍പിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. ലീ ടിങ്ജിക്കെതിരെ ടൈബ്രേക്കറിലായിരുന്നു കൊനേരു ഹംപിയുടെ ജയം.