/kalakaumudi/media/media_files/2025/11/21/mbape-2025-11-21-22-13-37.jpg)
പാരിസ്: ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബപെയും മുന്‍ ക്ലബ് പിഎസ്ജിയും തമ്മിലുള്ള കരാര്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇരുപക്ഷവും വാദപ്രതിവാദങ്ങളുമായി നഷ്ടപരിഹാരം ആവശ്യപ്പെട്ടു രംഗത്തുണ്ട്.
കഴിഞ്ഞ വര്‍ഷം ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചതിനുശേഷം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലേക്കു ചേക്കേറിയ ഇരുപത്തിയാറുകാരന്‍ എംബപെ, പിഎസ്ജി 26 കോടി യൂറോ (ഏകദേശം 2670 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. പിഎസ്ജിയില്‍നിന്ന് തനിക്ക് അര്‍ഹതപ്പെട്ട ശമ്പളവും ബോണസും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നും അപമാനവും മാനസിക പിരിമുറക്കവും നേരിട്ടെന്നും കാട്ടിയാണു കേസ്.
എന്നാല്‍ എംബപെ തങ്ങള്‍ക്ക് 44 കോടി യൂറോ (ഏകദേശം 4518 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പിഎസ്ജി കോടതിയെ സമീപിച്ചിരിക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞ് 'ഫ്രീ ഏജന്റ്' എന്ന നിലയില്‍ ക്ലബ് മാറിയതിനാല്‍ പിഎസ്ജിക്ക് ട്രാന്‍സ്ഫര്‍ ഫീ ലഭിച്ചില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് പിഎസ്ജിയുടെ കേസ്.
സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ പ്രതിവര്‍ഷം 70 കോടി യൂറോയ്ക്കു (ഏകദേശം 6346 കോടി രൂപ) എംബപെയെ സ്വീകരിക്കാന്‍ തയാറായിരുന്നു. ട്രാന്‍സ്ഫറിന്റെ ഭാഗമായി 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാന്‍സ്ഫര്‍ ഫീസായി പിഎസ്ജിക്കും ലഭിക്കുമായിരുന്നു. എന്നാല്‍ ഈ ഓഫര്‍ എംബപെ നിരസിച്ചു.
തുടര്‍ന്നു പിഎസ്ജി 10 വര്‍ഷത്തേക്കു കൂടി എംബപെയുമായി കരാര്‍ ഒപ്പിടാമെന്നു വാഗ്ദാനം നല്‍കി. 10 വര്‍ഷത്തേക്കു 100 കോടി യൂറോ (ഏകദേശം 9129 കോടി രൂപ) ആയിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇതും എംബപെ നിരസിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
