/kalakaumudi/media/media_files/2025/08/31/yuvraj-2025-08-31-18-15-20.jpg)
ലണ്ടന്‍: ഇന്ത്യന്‍ താരങ്ങളില്‍ ഒരോവറില്‍ എല്ലാ പന്തുകളും സിക്‌സടിക്കുന്ന ബാറ്റര്‍ക്ക് പോര്‍ഷെ കാര്‍ വാഗ്ദാനം ചെയ്തിരുന്നതായി ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. 2007 ട്വന്റി20 ലോകകപ്പിനു മുന്നോടിയായാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നില്‍ ഈ ഓഫര്‍ വച്ചതെന്നും ലളിത് മോദി ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മൈക്കല്‍ ക്ലാര്‍ക്കുമായി നടത്തിയ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ഒരോവറിലെ ആറു പന്തുകളും സിക്‌സടിച്ചിരുന്നു.
''2007 ലോകകപ്പിനു മുന്‍പാണ് ഞാന്‍ ഇന്ത്യന്‍ താരങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഒരോവറിലെ ആറു പന്തുകളും സിക്‌സടിക്കുന്ന താരത്തിന് ഞാന്‍ പോര്‍ഷെ കാര്‍ സമ്മാനിക്കും. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തിയ ശേഷം യുവരാജ് എന്നെ നോക്കുന്നുണ്ടായിരുന്നു. ബാറ്റുയര്‍ത്തിക്കൊണ്ട് എന്റെ നേരെ ഓടിവന്നു. എന്റെ പോര്‍ഷെ തരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുവരാജിന്റെ ബാറ്റ് കൈമാറാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.'' ലളിത് മോദി വ്യക്തമാക്കി.
2007ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യ വിജയിക്കുന്നതില്‍ നിര്‍ണായക പ്രകടനമാണ് യുവരാജ് സിങ് നടത്തിയത്. ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ ആറു സിക്‌സുകള്‍ അടിച്ച യുവരാജ് സിങ് ട്വന്റി20 ചരിത്രത്തിലെ വേഗതയേറിയ അര്‍ധ സെഞ്ചറിയും സ്വന്തമാക്കി. 12 പന്തുകളില്‍നിന്നാണ് യുവരാജ് ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചറിയിലെത്തിയത്. ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ച് റണ്‍സിനു തോല്‍പിച്ചാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്.