സ്വന്തം മണ്ണിലെ അവസാന മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോള്‍

മെസിയോടുള്ള തങ്ങളുടെ സ്‌നേഹം വ്യക്തമാക്കുന്ന ബാനറുകളും ചിത്രങ്ങളും സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വാംഅപ്പിനായി മെസി ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ വലിയ ആരവം ആണ് ഉയര്‍ത്തിയത്. ആ നിമിഷം മുതല്‍ മെസി കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടു

author-image
Biju
New Update
messi

ബ്യുണസ് ഐറിസ്: വിരമിക്കല്‍ എപ്പോഴായിരിക്കും എന്ന് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബ്യുണസ് ഐറിസിലെ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം സ്വന്തം മണ്ണിലെ തന്റെ അവസാന മത്സരമാവും എന്ന വ്യക്തമായ സൂചന മെസി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ആ മത്സരം ഹൃദയത്തില്‍ കുറിച്ചിടാന്‍ പാകത്തില്‍ വൈകാരികമായിട്ടാണ് അര്‍ജന്റീനയുടെ ആരാധകരും കളിക്കാരും മെസിയും താരത്തിന്റെ കുടുംബവുമെല്ലാം ഏറ്റെടുത്തത്. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആദ്യ ഗോളും അവസാന ഗോളും വന്നത് മെസിയില്‍ നിന്ന്. ഇരട്ട ഗോളോടെ സ്വന്തം മണ്ണില്‍ അവസാനമായി നീലയിലെ വെള്ള വരയന്‍ കുപ്പായത്തിലിറങ്ങിയ മത്സരം മെസി ആഘോഷമാക്കി.

മെസ്സിയുടെ കുടുംബവും മത്സരം കാണാന്‍ എത്തിയിരുന്നു. തന്റെ മക്കള്‍ക്കൊപ്പമാണ് മെസി ഗ്രൗണ്ടിലേക്ക് വന്നത്. സ്വന്തം മണ്ണിലെ അവസാന മത്സരം എന്ന ചിന്ത മെസിയുടെ കണ്ണുകളെ നനയിച്ചു. അര്‍ജന്റീനയെ നെഞ്ചിലേറ്റുന്ന ആരാധകര്‍ക്ക് മറക്കാനാവാത്ത നിമിഷമായി അത് മാറി. മെസിയുടെ അവസാന ഹോം മത്സരം കാണാന്‍ ആരാധകര്‍ സ്റ്റേഡിയം നിറഞ്ഞെത്തി.

മെസിയോടുള്ള തങ്ങളുടെ സ്‌നേഹം വ്യക്തമാക്കുന്ന ബാനറുകളും ചിത്രങ്ങളും സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വാംഅപ്പിനായി മെസി ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ വലിയ ആരവം ആണ് ഉയര്‍ത്തിയത്. ആ നിമിഷം മുതല്‍ മെസി കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടു.

2026 ലോകകപ്പില്‍ മെസി അര്‍ജന്റീനക്ക് വേണ്ടി കളിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഫിഫ ലോകകപ്പിന് മുന്‍പ് ഇനി അര്‍ജന്റീനയ്ക്ക് സ്വന്തം മണ്ണില്‍ മത്സരമില്ല. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് കരുത്ത് കാണിച്ച് നേരത്തെ തന്നെ അര്‍ജന്റീന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു.

സെപ്റ്റംബര്‍ 10ന് ആണ് അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. ഇക്വഡോറാണ് എതിരാളികള്‍. യുഎസ്, കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് ശേഷം മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

lionel messi