/kalakaumudi/media/media_files/2025/10/29/southafrica-2025-10-29-21-05-10.jpg)
ഗുവാഹത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ബാറ്റിങ്ങില്‍ കത്തിക്കയറിയതോടെ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ലോറയുടെ കിടിലന്‍ സെഞ്ചറിക്കരുത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. 143 പന്തില്‍ 169 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്.
ഓപ്പണറായി ഇറങ്ങിയ ലോറ, 48ാം ഓവറിലാണ് പുറത്തായത്. നാല് സിക്‌സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്‌സ്. 1997ലെ ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനെതിരെ ബെലിന്‍ഡ ക്ലാര്‍ക്ക് നേടിയ 229* റണ്‍സിന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്. വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്ത വ്യക്തിഗത സ്‌കോറും ഇതാണ്. 2017 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 171* റണ്‍സാണ് ഏറ്റവും ഉയര്‍ന്നത്.
വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ റെക്കോര്‍ഡിനൊപ്പവും ലോറ വോള്‍വാര്‍ഡ് എത്തി. ഏകദിന ലോകകപ്പിലെ 13ാം 50+ സ്‌കോറാണ് ലോറ കുറിച്ചത്. ഈ ലോകകപ്പിലെ നാലാം 50+ സ്‌കോറും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ ലോറ നേടിയിരുന്നു.
ലോറയുടെ ഇന്നിങ്‌സ് കരുത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമും ചില റെക്കോര്‍ഡുകള്‍ കുറിച്ചു. വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഈ ലോകകപ്പില്‍ തന്നെ പാക്കിസ്ഥാനെതിരെ നേടിയ 312 ആയിരുന്നു ഇതിനു മുന്‍പ് അവരുടെ ഉയര്‍ന്ന ടോട്ടല്‍. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതാണ്. 2022 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ കുറിച്ച് 356/5 ആണ് ഒന്നാമത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
