ലെജന്‍ഡ്‌സ്ചാമ്പ്യന്‍ഷിപ്പ് ; ദക്ഷിണാഫ്രിക്കയോട് കൂറ്റന്‍ തോല്‍വി വഴങ്ങി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിനായി ഹാഷിം അംലയും(19 പന്തില്‍ 22), ജാക് റൂഡോള്‍ഫും(20 പന്തില്‍ 24) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

author-image
Jayakrishnan R
New Update
ABD

ABD

നോര്‍ത്താംപ്ടണ്‍:വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിനോട് 88 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി ഇന്ത്യ ചാമ്പ്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ചാമ്പ്യന്‍സിന് 18.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തിനൊടുവില്‍ ഫ്‌ലഡ് ലൈറ്റ് പണിമുടക്കിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയെ 88 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിനായി ഹാഷിം അംലയും(19 പന്തില്‍ 22), ജാക് റൂഡോള്‍ഫും(20 പന്തില്‍ 24) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും മടങ്ങിയശേഷം മൂന്നാം നമ്പറിലെത്തി സാറെല്‍ ഇര്‍വീ(15) നിരാശപ്പെടുത്തിയെങ്കിലും നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ഡിവില്ലിയേഴ്‌സ് തകര്‍ത്തടിച്ചു. 30 പന്തില്‍ മൂന്ന് ഫോറും നാലു സിക്‌സും പറത്തി 63 റണ്‍സടിച്ച ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നപ്പോള്‍ ജെ പി ഡുമിനി(16), വെയ്ന്‍ പാര്‍നല്‍(11), സ്മട്‌സ്(17 പന്തില്‍ 30), മോര്‍ണി വാന്‍ വൈക്ക്(5 പന്തില്‍ 18*) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.

ഇന്ത്യ ചാമ്പ്യന്‍സിനായി യൂസഫ് പത്താനും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റോബിന്‍ ഉത്തപ്പയും(13 പന്തില്‍ 2), ശിഖര്‍ ധവാനും(നാലു പന്തില്‍ 1) തുടക്കത്തിലെ മടങ്ങിയതോടെ ഇന്ത്യ പതറി. സുരേഷ് റെയ്‌ന(16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അംബാട്ടി റായുഡു(0) കൂടി പവര്‍ പ്ലേയില്‍ മടങ്ങിയതോടെ ഇന്ത്യ 22-3ലേക്ക് തകര്‍ന്നു. പിന്നാലെ സുരേഷ് റെയ്‌നയും ബൗണ്ടറിയില്‍ ഡിവില്ലിയേഴ്‌സിന്റെ  ക്യാച്ചില്‍ യൂസഫ് പത്താനും(5) കൂടി വീണതോടെ ഇന്ത്യ 44-5ലേക്ക് കൂപ്പുകുത്തി.

ഇര്‍ഫാന്‍ പത്താന്‍(10), പിയൂഷ് ചൗള(9), പവന്‍ നേഗി(0) എന്നിവര്‍ കൂടി ചെറുത്തുനില്‍പ്പില്ലാതെ മടങ്ങിയതോടെ ഇന്ത്യ 100 കടക്കില്ലെന്ന് കരുതിയെങ്കിലും 39 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 100 കടത്തിയത്. വിനയ് കുമാര്‍ 12 പന്തില്‍ 13 റണ്‍സെടുത്ത ബിന്നിക്ക് പിന്തുണ നല്‍കി.
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ പോയന്റൊന്നും നേടാനായിട്ടില്ല. ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിനായി ആരോണ്‍ ഫാന്‍ഗിസോ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വെയ്ന്‍ പാര്‍നല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

cricket sports