
lionel messi bursts into tears after leg injury forces him out of copa america final
ഫ്ലോറിഡ: കോപ അമേരിക്ക കലാശപ്പോരിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് കളംവിട്ട അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ ദൃശ്യങ്ങൾ ആരാധകരെ കണ്ണീരണിയിച്ചു.35ാം മിനിറ്റിൽ കൊളംബിയൻ ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ വീണാണ് വലതുകാലിൽ പരിക്കറ്റത്. ടെച്ച് ലൈനിൽ നിന്ന് ഷോട്ടുതിർക്കാൻ ശ്രമിച്ച മെസ്സിയെ കൊളംബിയൻ താരം സാന്റിയാഗോ ഏരിയാസ് പരുക്കൻ ടാക്ലിങിലൂടെ വീഴ്ത്തുകയായിരുന്നു.
വേദനകൊണ്ട് പുളയുന്ന മെസ്സിയെ ദൃശ്യങ്ങളിൽ കാണാമെങ്കിലും അൽപ സമയത്തിനകം മെസ്സി ഗ്രൗണ്ടിൽ തിരിച്ചെത്തി. രണ്ടാം പകുതിയിലും കളി തുടർന്ന മെസ്സിക്ക് 63ാം മിനിറ്റ് വരെയെ കളിക്കാൻ കഴിഞ്ഞുള്ളൂ. പന്തിന് പിറകെ ഓടാൻ ശ്രമിച്ച മെസ്സി വേദനകൊണ്ട് ഗ്രൗണ്ടിൽ വീണു. തുടർന്ന് സൂപ്പർതാരത്തെ പിൻവലിക്കാൻ സ്കലോനി തയാറാകുകയായിരുന്നു. കണ്ണീരോടെ കളം വിട്ട മെസ്സി ഡഗ്രൗട്ടിലിരുന്നും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ആരാധകരെയും കണ്ണീരണിയിച്ചു.