/kalakaumudi/media/media_files/2025/08/01/meddi-2025-08-01-20-03-33.jpg)
മുംബൈ: വിരാട് കോഹ്ലി, എം എസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെ ക്രിക്കറ്റ് കളിക്കുന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി...ഇന്ത്യന്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്ന നിമിഷമാവും അത്. അങ്ങനെയൊന്ന് വാങ്കഡെയില്‍ ഈ വര്‍ഷം ഡിസംബറില്‍ സംഭവിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
പ്ലാനുകള്‍ എല്ലാം വിജയിച്ചാല്‍ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളും മെസിയും ഉള്‍പ്പെടുന്ന ഏഴ് കളിക്കാര്‍ വീതമുള്ള രണ്ട് ടീമുകള്‍ വാങ്കഡെയില്‍ ഡിസംബര്‍ 14ന് ഏറ്റുമുട്ടുന്നത് കാണാം. പ്രമോഷണല്‍ പരിപാടിക്കായി മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു.
ഡിസംബര്‍ 14ന് വാങ്കഡെ സ്റ്റേഡിയത്തില്‍ മറ്റ് മത്സരങ്ങളൊന്നും നടത്താനുള്ള അനുമതി നല്‍കരുത് എന്ന് ഒരു പ്രശസ്ത ഇവന്റ് ഏജന്‍സി മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇത് മെസിയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് വേണ്ടിയാണ്.
'ഡിസംബര്‍ 14 മെസി വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തും. ഇവിടെ മെസി ക്രിക്കറ്റ് മത്സരം കളിച്ചേക്കും. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും വിരമിച്ച കളിക്കാരും ഇതിന്റെ ഭാഗമാവും. എല്ലാം തീരുമാനമായി കഴിയുമ്പോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കും,' എംസിഎ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡിസംബര്‍ 13 മുതല്‍ 15 വരെ മെസി ഇന്ത്യയില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈക്ക് പുറമെ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മെസി എത്തും. ഇത് രണ്ടാം വട്ടം ആണ് മെസി ഇന്ത്യയില്‍ എത്തുന്നത്. 2011ല്‍ മെസി ഉള്‍പ്പെട്ട അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.
കേരളത്തിലേക്ക് മെസിയും അര്‍ജന്റീന ടീമും ഒക്ടോബറില്‍ വരും എന്നാണ് കായിക മന്ത്രി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. അര്‍ജന്റീനയുടെ ഈ മാസങ്ങളിലെ ഷെഡ്യൂളില്‍ ഇതുവരെ കേരളത്തിലേക്കുള്ള വരവ് ഉള്‍പ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.